ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസ്, അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ‘പെട്ടതോടെ’ ഗഹനമായ ഗവേഷണങ്ങളിൽ മുഴുകിയിരിക്കുകയാണ്. മൈക്രോഗ്രാവിറ്റിയിൽ റൊമെയ്ൻ ലെറ്റൂസ് ( Romaine Lettuce) വളർത്തിയെടുക്കാനാണ് ഇപ്പോൾ സുനിതയുടെ ശ്രമം. വ്യത്യസ്ത അളവിൽ വെള്ളമൊഴിച്ചു നൽകുമ്പോൾ സസ്യത്തിന്റെ വളർച്ചയെ ഏതെല്ലാം രീതിയിൽ ബാധിക്കുമെന്ന് കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്കും ഭൂമിയിൽ സാധ്യമാകുമോയെന്ന് പരിശോധിക്കുന്ന പല കാർഷിക മുന്നേറ്റങ്ങൾക്കും ഈ പരീക്ഷണം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
ബഹിരാകാശത്തും നമ്മുടെ ഭൂമിയിലും ഭക്ഷ്യ ഉത്പാദന സാങ്കേതിക വിദ്യകൾ മെച്ചപ്പെടുത്താൻ സുനിതയുടെ ഗവേഷണം സഹായിച്ചേക്കും. സസ്യത്തിന് വ്യത്യസ്ത അളവിൽ ഈർപ്പം നൽകുമ്പോൾ അതിനുണ്ടാകുന്ന വളർച്ചയിലെ വ്യത്യാസം രേഖപ്പെടുത്തുന്നതിനൊപ്പം സസ്യത്തിന്റെ പോഷകഘടകങ്ങളിൽ മാറ്റം വരുമോയെന്ന് കണ്ടെത്തുക കൂടിയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഡിസ്ട്രിബ്യൂഷൻ റിസർവോയറിൽ നിന്ന് ജലസാമ്പിളുകൾ ശേഖരിച്ചാണ് ലെറ്റൂസ് പ്ലാന്റിന് സുനിത വെള്ളം നൽകുന്നത്.
ലെറ്റൂസ് പരീക്ഷണത്തിൽ നിന്നുള്ള കണ്ടെത്തലുകൾ ഏറെ നിർണായകമാണെന്നാണ് കരുതപ്പെടുന്നത്. ദീർഘകാലത്തെ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളിയാകുന്ന യാത്രികർക്ക് ബഹിരാകാശ ആവാസ വ്യവസ്ഥയിൽ സുസ്ഥിരമായ ഭക്ഷ്യ ഉത്പാദനം വലിയ വെല്ലുവിളിയാണ്. ദീർഘനാളത്തേക്കുള്ള ഭക്ഷണം ഭൂമിയിൽ നിന്ന് കൊണ്ടുപോവുകയെന്നത് പ്രയാസമാണെന്നിരിക്കെ സസ്യവളർച്ച സംബന്ധിച്ച ഇത്തരം ഗവേഷണങ്ങൾ സഹായകമാകും.
ലെറ്റൂസിനെ വളർത്തുക മാത്രമല്ല, നിരവധി മറ്റ് പ്രവർത്തനങ്ങളും സുനിത അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ചെയ്യുന്നുണ്ട്. സഹയാത്രികനായ ഹേഗിന്റെ രക്തക്കുഴലുകളുടെ ആരോഗ്യം പരിശോധിക്കാൻ അൾട്രാസൗണ്ട് സ്കാൻ ഉൾപ്പടെയുള്ള മെഡിക്കൽ ടെസ്റ്റുകൾ ചെയ്യുന്ന പ്രവർത്തനങ്ങളിലും സുനിത വില്യംസ് പങ്കാളിയാണ്. ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ ഏർപ്പെടുമ്പോൾ ബഹിരാകാശ യാത്രികരുടെ ആരോഗ്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുകയാണ് സംഘം.