ന്യൂഡൽഹി: സിപിഎം നേതാവും ചെങ്ങന്നൂർ മുൻ എംഎൽഎയുമായ കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീംകോടതി. ഹൈക്കോതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകുമെന്ന് കോടതി ചോദിച്ചു. ജനപ്രതിനിധിയുടെ മകൻ എന്നത് ആശ്രിത നിയമനത്തിനുള്ള യോഗ്യതയായി കണക്കാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി അടിവരയിട്ട് വ്യക്തമാക്കി.
2018ലെ മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നു എൻജിനീയറിംഗ് ബിരുദധാരിയായ ആർ. പ്രശാന്തിന് ആശ്രിത നിയമനം നൽകിയത്. പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു നിയമനം. അസിസ്റ്റന്റ് എൻജിനീയറായി നിയമിച്ച ഉത്തരവ് ചോദ്യം ചെയ്ത് പാലക്കാട് സ്വദേശി അശോക് കുമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുകയും ആശ്രിത നിയമനം റദ്ദാക്കുകയും ചെയ്തു. എംഎൽഎമാരുടെ മക്കൾക്ക് ആശ്രിത നിയമനം നൽകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2021 ഡിസംബറിലായിരുന്നു വിധി വന്നത്. സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു ഹൈക്കോടതി വിധി.
ജനപ്രതിനിധിയുടെ മക്കൾക്കും ബന്ധുക്കൾക്കും ആശ്രിത നിയമനം നൽകുന്നത് പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കളെ ഉൾപ്പടെ സർക്കാർ ഉദ്യോഗസ്ഥരായി നിയമിക്കുന്നതിലേക്ക് നയിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പിൻവാതിൽ നിയമനങ്ങളിലേക്ക് വഴിവെക്കുന്ന ഇത്തരം നടപടികൾ സർക്കാരിനെ കയറൂരി വിടുന്നതിന് തുല്യമാകുമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചുവെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയാണ് കോടതി തള്ളിയത്.