ധാക്ക: വൈദ്യുതി ബിൽ കുടിശ്ശിക എത്രയും വേഗം നൽകാൻ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ട് ത്രിപുര. 135 കോടി രൂപ വൈദ്യുതി കുടിശ്ശിക ഉടൻ തീർപ്പാക്കണമെന്നാണ് ആവശ്യം. എൻടിപിസി വിദ്യുത് വ്യാപാര നിഗം ലിമിറ്റഡ് മുഖേന നിലവിൽ വന്ന വൈദ്യുതി വ്യാപാര കരാറിന്റെ ഭാഗമായാണ് ബംഗ്ലാദേശിന് ത്രിപുര വൈദ്യുതി നൽകിയിരുന്നത്.
ബംഗ്ലാദേശിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ത്രിപുര നിലപാട് കടുപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ ശനിയാഴ്ച ധാക്കയിൽ നടന്ന വാഹനാപകടത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ത്രിപുരയുടെ തീരുമാനത്തിലേക്ക് വഴിവച്ചതെന്ന് കരുതപ്പെടുന്നു. ബംഗ്ലാദേശിലെ ധാക്ക വഴി പോവുകയായിരുന്ന അഗർത്തല-കൊൽക്കത്ത ബസിനുനേരെ ശനിയാഴ്ച ആക്രമണം നടന്നിരുന്നു. ട്രക്കും ഓട്ടോറിക്ഷയും ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് സമീപത്തുണ്ടായ ബസിന് നേരെയും ആൾക്കൂട്ടം തിരിഞ്ഞത്. സംഭവത്തിൽ ആളപായം ഉണ്ടായില്ലെങ്കിലും ബസിലുണ്ടായിരുന്ന ഇന്ത്യൻ യാത്രക്കാർക്ക് നേരെ ബംഗ്ലാദേശികൾ ഭീഷണിമുഴക്കുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വൈദ്യുതി കുടിശ്ശിക അടച്ചുതീർക്കണമെന്ന ആവശ്യം ബംഗ്ലാദേശ് കടുപ്പിച്ചത്.
2024 മെയ് മാസത്തിൽ, ബംഗ്ലാദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡിന് (ബിപിഡിബി) ത്രിപുര സ്റ്റേറ്റ് ഇലക്ട്രിസിറ്റി കോർപ്പറേഷൻ ലിമിറ്റഡ് (TSECL) വൈദ്യുതി വിതരണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൃത്യസമയത്ത് പണമടയ്‌ക്കുന്നതിൽ ബംഗ്ലാദേശ് പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. കഴിഞ്ഞ ഒരു വർഷമായി, ബംഗ്ലാദേശിൽ തുടരുന്ന അസ്ഥിരാവസ്ഥ കാരണം സമയബന്ധിതമായി പണമടയ്‌ക്കാൻ സർക്കാരിന് കഴിഞ്ഞില്ല. ഇത് കുടിശ്ശിക കുന്നുകൂടുന്നതിന് കാരണമായി. ഇതിനോടൊപ്പം ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങളും ബംഗ്ലാദേശിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ത്രിപുര നടപടി കടുപ്പിച്ചത്.















