കോഴിക്കോട് : സൈബര്‍ തട്ടിപ്പ് വഴി കോഴിക്കോട് സ്വദേശിയിൽ നിന്ന് നാല് കോടി തട്ടിയെടുത്ത കേസില്‍ രണ്ട് പേർ കൂടി പിടിയിൽ. ഷാഹിദ് ഖാന്‍, ദിനേഷ് കുമാര്‍ ഫുല്‍വാനി എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസാണ് പ്രതികളെ പിടികൂടിയത്.
മധ്യ പ്രദേശിലെ അലോട്ടിൽ നിന്നുമാണ് ഇരുവരും പിടിയിലായത്. കേസിലെ മുഖ്യപ്രതി സുനില്‍ ദംഗി ഉൾപ്പെടെ രണ്ട് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ഒന്നര കോടിയോളം രൂപ കണ്ടെത്തിയിട്ടുണ്ട്. മുഖ്യപ്രതികളുടെ അക്കൗണ്ടുകളിൽ നിന്നും മധ്യപ്രദേശ് സ്വദേശികൾക്ക് പണം കൈമാറിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
ഇരയെ വാട്സാപ്പ് വഴിയും ഫോണ്‍ വഴിയും ബന്ധപ്പെട്ടായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടെന്നും ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിൽ ആണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു. ഇതിനായി വ്യാജ ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും അയച്ച് നൽകിയതായും പരാതിയിൽ പറയുന്നു.















