തിരുവനന്തപുരം: മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ ചേർന്ന് ഷാളണിയിച്ച് സ്വീകരിച്ചു. സിപിഎമ്മിൽ നിൽക്കാൻ കഴിയാത്ത അത്ര പ്രതിസന്ധിയായിരുന്നു മധു പ്രതികരിച്ചു. സിപിഎമ്മിൽ പ്രവർത്തിക്കുമ്പോൾ തന്നെ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്നു. ഇനിയും നിരവധി പേർ ബിജെപിയിലേക്ക് എത്തുമെന്നും മധു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഏരിയ സെക്രട്ടറി സ്ഥാനം നൽകിയില്ല എന്നതുകൊണ്ടല്ല സിപിഎമ്മിൽ നിന്ന് പോകുന്നതെന്നും സ്ഥാനം ലഭിച്ചിരുന്നെങ്കിലും പോകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സുഹൃത്തുക്കളോട് നേരത്തെ വ്യക്തമാക്കിയതാണ്. ഏരിയാ സെക്രട്ടറി ആകണമെന്ന് പോലും തനിക്ക് താത്പര്യമില്ലായിരുന്നു. എന്നാൽ സമ്മേളനം കഴിയുന്നതുവരെ നിൽക്കാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. ഈ രീതിയിൽ സിപിഎമ്മിൽ നിന്നുപോകാൻ തനിക്ക് സാധ്യമല്ലെന്ന് ഏറെ നാളുകൾക്ക് മുൻപ് തന്നെ വ്യക്തമാക്കിയതാണ്. നിരവധി പാർട്ടി മെമ്പർമാർ തനിക്കൊപ്പമുണ്ടെന്നും മധു മുല്ലശ്ശേരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളെ എത്ര കുറ്റപ്പെടുത്തിയാലും ചെറുതാക്കി കാണാൻ സാധ്യമല്ല. വ്യക്തമായ ആലോചനയ്‌ക്ക് ശേഷമാണ് ബിജെപിയിലേക്ക് പോകുന്നത്. പാർട്ടിയിൽ മെമ്പർഷിപ്പ് നാളെ സ്വീകരിക്കും. സംസ്ഥാന കാര്യാലയത്തിൽ എത്തി അദ്ധ്യക്ഷൻ കെ. സുരേന്ദ്രനിൽ നിന്ന് പ്രാഥമിക അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ ഉയരുന്ന സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇന്നലെവരെ ആരും ആരോപണങ്ങൾ ഉന്നയിച്ചിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോഴാണ് സാമ്പത്തിക ആരോപണം ഉടലെടുത്തതെന്നും മധു മുല്ലശ്ശേരി പറഞ്ഞു. മണ്ഡലത്തിൽ സിപിഎമ്മിനും ബിജെപിക്കും 2,000 വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നും ചിറയിൻകീഴ് മണ്ഡലത്തിൽ ബിജെപിയുടെ വിജയത്തിനായി പ്രയത്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ ആദർശത്തോടും പ്രത്യയശാസ്ത്രത്തോടും യോജിച്ചുവരുന്ന ആരെയും ഒപ്പം കൂട്ടുമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രതികരിച്ചു. മധു മുല്ലശ്ശേരിയുടെ അനുഭവജ്ഞാനം ഈ പ്രദേശത്തെ പ്രവർത്തകർക്ക് ഗുണകരമാകാൻ ഉതകുന്ന തരത്തിൽ പ്രയോജനപ്പെടുത്തും. മധുവിനോട് ആശയപരമായ വിയോജിപ്പ് ഉണ്ടായിരുന്നപ്പോഴും അദ്ദേഹം നടത്തിയ പൊതുപ്രവർത്തനം കാണാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.















