കണ്ണുകളിൽ കണ്ണുനീർ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ കണ്ണുനീർ വളരെ വേഗത്തിൽ തന്നെ ഉണങ്ങുകയോ ചെയ്യുന്ന അവസ്ഥയാണ് ഡ്രൈ ഐസ് അഥവാ വരണ്ട കണ്ണുകൾ എന്ന് പറയുന്നത്. കണ്ണുകളിൽ ചുവപ്പ്, വേദന, അസ്വസ്ഥത തുടങ്ങിയവയെല്ലാം വരണ്ട കണ്ണുകളുടെ ലക്ഷണമാണ്. തണുപ്പ് കാലത്താണ് പലരിലും ഈ അവസ്ഥ കൂടുതൽ ഉണ്ടാകാറുള്ളത്.
കണ്ണുകളിൽ കണ്ണുനീരിന്റെ അളവ് കുറയുന്നത്, തണുത്ത കാറ്റ് കണ്ണിലേക്ക് അടിക്കുന്നത്, സ്‌ക്രീൻ ടൈം കൂടുന്നത്, ഹീറ്ററുകളുടെ അമിത ഉപയോഗം, അലർജി തുടങ്ങിയവയെല്ലാം ഡ്രൈ ഐസിന് കാരണമാകാറുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. അതിൽ പ്രധാനമാണ് ലൂബ്രിക്കേറ്റിങ് ഐ ഡ്രോപ്‌സ് ഉപയോഗിക്കുക എന്നത്. മെഡിക്കൽ ഷോപ്പുകളിൽ ഇത്തരം ലൂബ്രിക്കേറ്റിങ് ഡ്രോപ്‌സ് ഇന്ന് സുലഭമാണ്. ഡോക്ടർമാരുടെ കൃത്യമായ മാർഗനിർദേശം വഴി ഇവ ഉപയോഗിക്കാവുന്നതാണ്. പാർശ്വഫലങ്ങൾ അധികമില്ല എന്നത് തന്നെയാണ് ഇവയുടെ മറ്റൊരു ഗുണം.
പുറത്ത് ഇറങ്ങുമ്പോൾ സൺഗ്ലാസുകളോ, സാധാരണ കണ്ണടകളോ ഉപയോഗിക്കുന്നത് പതിവാക്കുക. കണ്ണിലേക്ക് നേരിട്ട് കാറ്റടിക്കുന്നത് ഒഴിവാക്കാൻ ഇതുവഴി സാധിക്കും. സ്‌ക്രീൻ ടൈം കുറയ്‌ക്കുക എന്നതാണ് മറ്റൊരു കാര്യം. കമ്പ്യൂട്ടറോ, മൊബൈലോ, ടിവിയോ ഏതുമാകട്ടെ തുടർച്ചയായി ഇതിലേക്ക് നോക്കിക്കൊണ്ട് ഇരിക്കാതെ അൽപ്പസമയം കണ്ണിന് വിശ്രമം കൊടുക്കുക. 20-20-20 എന്ന നിയമമാണ് ഡോക്ടർമാർ ഇതിനായി പറയുന്നത്. ഓരോ 20 മിനിറ്റ് കൂടുമ്പോഴും 20 സെക്കന്റ് നേരത്തേക്ക് 20 അടി അകലെയുള്ള വസ്തുവിലേക്ക് നോക്കുക. കണ്ണു ചിമ്മാനും, കണ്ണുകൾ വരളുന്നത് പ്രതിരോധിക്കാനും ഇത് സഹായിക്കും.
ധാരാളം വെള്ളം കുടിക്കുക എന്നതും പ്രധാനമാണ്. ശരീരത്തിൽ ജലാംശം വർദ്ധിക്കുന്നത് കണ്ണുനീരിന്റെ ഉത്പാദനത്തേയും സഹായിക്കുന്നു. സാൽമൺ, ഫ്‌ളാക്‌സ് സീഡ്, വാൾനട്ട് എന്നിവ കഴിക്കുന്നതും നല്ലതാണ്. അതേപോലെ നേരിട്ട് കണ്ണിലേക്ക് ചൂട് അടിക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കണം. റൂം ഹീറ്ററുകൾ, ഫയർപ്ലേസ് എന്നിവയിൽ നിന്ന് നിശ്ചിത അകലം പാലിക്കുന്നതും നല്ലതായിരിക്കും.