ആലപ്പുഴ കളർകോട് വാഹനാപകടം തട്ടിയെടുത്ത ജീവനുകളിൽ ലക്ഷദ്വീപ് സ്വദേശിയും. ആന്ത്രോത്ത് ദ്വീപിലെ പാക്രിച്ചിയപുര വീട്ടിൽ പി. മുഹമ്മദ് സനീറിന്റെ മകൻ മുഹമ്മദ് ഇബ്രാഹിമിന്റെ മരണവാർത്ത ഞെട്ടലോടെയാണ് ദ്വീപ് സമൂഹം അറിഞ്ഞത്. പിന്നാലെ മുഹമ്മദ് ഇബ്രാഹിമിന്റെ കേരളത്തിലെ കുടുംബ സുഹൃത്തുക്കൾ ആലപ്പുഴയിലേക്ക് ഓടിയെത്തി.
കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു മുഹമ്മദ് ഇബ്രാഹിം എന്ന് കുടുംബസുഹൃത്തുക്കളിലൊരാൾ പറഞ്ഞു. ഇബ്രാഹിമിന്റെ സഹോദരൻ മൂന്നാം ക്ലാസിൽ പഠിക്കുകയാണ്. കുടുംബത്തിന്റെ പ്രതീക്ഷയാണ് അസ്തമിച്ചത്. 98 ശതമാനം മാർക്കോടെയാണ് പ്ലസ്ടു പാസായത്. ആദ്യ ശ്രമത്തിൽ തന്നെ നീറ്റിൽ മികച്ച റാങ്ക് നേടി ലക്ഷദ്വീപ് നിവാസികളുടെ അഭിമാനമായിരുന്നു മുഹമ്മദ് ഇബ്രാഹിം.
ഒരു മാസം മുൻപാണ് ആലപ്പുഴയിലെത്തിയത്. നല്ല മാർക്കോടെയാണ് എംബിബിഎസിന് അഡ്മിഷൻ ലഭിച്ചത്. സൈലൻ്റായിട്ടുള്ള പയ്യനായിരുന്നുവെന്നും വിയോഗവാർത്ത ലക്ഷദ്വീപിന് ആകെ ഷോക്കായെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾ എത്തിയ ശേഷം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലാണ് ഇബ്രാഹിമിന്റെ കബറടക്കമെന്ന് കുടുംബസുഹൃത്തുക്കൾ അറിയിച്ചു.
ക്രിസ്മസ് അവധിക്ക് വീട്ടിലെത്താമെന്ന് പറഞ്ഞ് മടങ്ങിയതാണ് മലപ്പുറം സ്വദേശി ദേവാനന്ദ്. ടെലിവിഷൻ വാർത്ത വഴിയാണ് മകന്റെ വിയോഗവാർത്ത കുടുംബം അറിയുന്നത്. കോട്ടയം സ്വദേശികളാണ് ദേവാനന്ദിന്റെ കുടുംബം, പത്ത് വർഷമായി മലപ്പുറം കോട്ടയ്‌ക്കലിലാണ് താമസം. അദ്ധ്യാപകനാണ് പിതാവ്. ജിഎസ്ടി ഓഫീസിലാണ് അമ്മ ജോലി ചെയ്യുന്നത്. ദേവാനന്ദും സഹോദരനും പഠിക്കാൻ മിടുക്കരാണെന്നും പല തവണ നാട്ടിൽ ആദരം നൽകിയിട്ടുണ്ടെന്ന് അയൽവാസികൾ പറയുന്നു. കോട്ടയം പാലായ്‌ക്കടുത്തുള്ള മറ്റക്കരയിലെ തറവാട്ടിൽ ബുധനാഴ്ചയാകും ദേവാനന്ദിന്റെ സംസ്കാരം നടക്കുക.
കോട്ടയം പൂഞ്ഞാർ ചേന്നാട് സ്വദേശിയാണ് ആയുഷ് ഷാജി. ഇൻഡോറിലാണ് മാതാപിതാക്കളുള്ളത്. ഇവർ സംഭവമറിഞ്ഞെത്തി. കളർകോട് വാഹനാപകടത്തിൽ മരിച്ചവരുടെ പൊതുദർശനം വണ്ടാനം മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ്. മെഡിക്കൽ കോളേജിലെ സെൻട്രൽ ലൈബ്രറി ഹാളിലാണ് പൊതുദർശനം. പൊതുദർശനം പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുപോകും.















