കൊച്ചി: അമ്പലമുകള്‍ ഐ.ഒസി പ്ലാന്റില്‍ തൊഴില്‍ വിലക്കുമായി സിഐടിയു നേതാക്കള്‍. 24 വര്‍ഷമായി ഇവിടെ തൊഴില്‍ ചെയ്യുന്ന ടാങ്കര്‍ ലോറി ഡ്രൈവറിനും മകള്‍ക്കുമാണ് സി.ഐടിയു വിലക്ക് ഏര്‍പ്പെടുത്തിയത്. ഐ.ഒസി. ബി.പി.സിഎല്‍ പ്ലാന്റുകളിൽ സി.ഐ.ടിയുവിന് കപ്പം കൊടുക്കാതെ തൊഴില്‍ ചെയ്യാനാകാത്ത സ്ഥിതിയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. . പ്രശ്‌നത്തില്‍ ഇടപെട്ട് ബിഎംഎസ് യൂണിയന്‍ പരാതി നൽകിയിരുന്നു. എന്നാൽ നല്‍കിയ പരാതി പിന്‍വലിക്കും വരെ വിലക്ക് തുടരുമെന്നാണ് ഭീഷണി.
ടാങ്കർ ലോറി ഡ്രൈവർമാരായ അനന്തകൃഷ്‌ണനെയും മകൾ ലക്ഷ്മിയെയുമാണ് ഇന്ധന നീക്കത്തിനിടെ അകാരണമായി സിഐടിയു തടഞ്ഞത്. സിഐടിയു നേതാവായ ഹരികുമാർ ഇന്ധനം നിറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ ബലമായി പിടിച്ചെടുത്തുവെന്ന് ലക്ഷ്മി പറയുന്നു. താൻ ബിഎംഎസ് പ്രവർത്തകനായതാണ് സിഐടിയു നേതാക്കളെ പ്രകോപിപ്പിച്ചതെന്നാണ് അനന്തകൃഷ്‌ണൻ പറയുന്നത്. കൊച്ചിൻ റിഫൈനറിയിലെ ബിപിസിഎൽ, ഐഒസി പ്ലാന്റുകളിൽ സിഐടിയുവിന്റെ ഗുണ്ടാ രാജാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യൂണിയൻ അംഗങ്ങൾ അല്ലാത്തവർ ആർക്കും തൊഴിൽ ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. സിഐടിയു നേതാവ് ഹരികുമാറിനെതിരെ ബിഎംഎസ് അമ്പലമുകൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്തുന്നത്. ഐഒസി അടക്കമുള്ള പ്ലാന്റുകളിൽ ഇന്ധനനീക്കത്തിന് വാഹന കരാർ എടുത്തവർക്ക് ഇഷ്ടമുള്ള തൊഴിലാളികളെ ഡ്രൈവറായി നിയോഗിക്കാമെന്നിരിക്കെയാണ് സിഐടിയുവിന്റെ അനധികൃത വിലക്ക്.