ന്യൂഡൽഹി: അദാനി വിഷയത്തിൽ പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു. തൃണമൂൽ കോൺഗ്രസിന് പിന്നാലെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസ് പ്രതിഷേധത്തിനൊപ്പം നിൽക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പാർലമെന്റിൽ അദാനി വിഷയം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും ചില സഖ്യകക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസിന് പിന്നാലെ സമാജ്‌വാദി പാർട്ടിയും വിട്ടുനിന്നതോടെ സഖ്യത്തിനുള്ളിലെ ഭിന്നതയും പരസ്യമായിരിക്കുകയാണ്.
പാർലമെന്റിൽ ഈ വിഷയം ഉയർത്തി തുടർച്ചയായി സഭാ നടപടികൾ തടസ്സപ്പെടുത്തുന്ന കോൺഗ്രസിനൊപ്പമില്ലെന്ന നിലപാട് തൃണമൂൽ കോൺഗ്രസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ ചേംബറിൽ നടന്ന ഇൻഡി മുന്നണി യോഗത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
കോൺഗ്രസിന് ഒരു അജണ്ട മാത്രമാണുള്ളതെന്നും, അത് തങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാണെന്നും ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ കോൺഗ്രസ് കോൺഗ്രസ് വിളിച്ച യോഗം ബഹിഷ്‌കരിച്ചത്. ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ ലോക്‌സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണ് സമാജ്‌വാദി പാർട്ടി. എസ്പിയും തൃണമൂലും കോൺഗ്രസ് പ്രതിഷേധത്തിനൊപ്പം ചേരാത്തതിനെ പരിഹസിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
കോൺഗ്രസ് എവിടെ പോയാലും പൊതുജനങ്ങൾ അവരെ തള്ളിക്കളയുകയാണെന്ന് ബിജെപി എംപി സമിക് ഭട്ടാചാര്യ പറഞ്ഞു. ” പ്രതിപക്ഷ സഖ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നിങ്ങൾക്കെല്ലാം കാണാൻ കഴിയും. ചിലപ്പോൾ തൃണമൂൽ കോൺഗ്രസിനെ കാണാതാകും. ചിലപ്പോൾ ആംആദ്മിയെ കാണാതാകും, ചിലപ്പോൾ സമാജ്‌വാദി പാർട്ടിയെ കാണാതാകും. കോൺഗ്രസ് എവിടെ ചെന്നാലും അവരെ ജനം തള്ളിക്കളയും. കോൺഗ്രസിന്റെ ഇപ്പോൾ ഒരു സ്ഥലം മാത്രമേ പിടിക്കൂ. അത് പാർലമെന്റ് ഗേറ്റ് ആണ്. പാർലമെന്റിനുള്ളിൽ കയറിയാൽ ഇക്കൂട്ടർ സഭ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും” ഭട്ടാചാര്യ പറയുന്നു.