മലഞ്ചെരിവിൽ മറഞ്ഞ പുരാതന ഈജിപ്ഷ്യൻ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി പുരാവസ്തു ഗവേഷകർ . 2,100 വർഷങ്ങൾക്ക് മുമ്പുള്ള ക്ഷേത്രമാണിത് . ലക്സറിന് വടക്ക് 125 മൈൽ (200 കിലോമീറ്റർ) അകലെ സ്ഥിതി ചെയ്യുന്ന അത്രിബിസ് എന്ന സ്ഥലത്താണ് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കല്ലുകൊണ്ട് നിർമ്മിച്ചതാണ് ക്ഷേത്രം . ഖനനം ചെയ്യുമ്പോൾ, ടോളമി എട്ടാമൻ രാജാവ് (ബി.സി. 170 മുതൽ 116 വരെ ഭരണം) സിംഹത്തിന്റെ തലയുള്ള ദേവതയായ റെപിറ്റിനും മകൻ കോലന്തസിനും ബലിയർപ്പിക്കുന്ന പീഠത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സംഘം പ്രസ്താവനയിൽ പറഞ്ഞു.
‘ഫെർട്ടിലിറ്റിയുമായി ബന്ധപ്പെട്ട ദൈവമായ മിൻ-റയുടെ ഭാര്യയായിരുന്നു റെപിറ്റ്. ക്ഷേത്രം പ്രത്യേകമായി റെപിറ്റിന് സമർപ്പിച്ചിരിക്കുന്നതാണ്. പക്ഷേ ഈ ക്ഷേത്രത്തിന്റെ പേര് ഇപ്പോഴും അറിയില്ല ‘ – എന്നാണ് ജർമ്മനിയിലെ ട്യൂബിംഗൻ സർവകലാശാലയിലെ ഈജിപ്തോളജി പ്രൊഫസറായ പ്രൊജക്റ്റ് ലീഡർ ക്രിസ്റ്റ്യൻ ലെയ്റ്റ്സ് പറഞ്ഞത് . ഉത്ഖനനങ്ങളും വിശകലനങ്ങളും തുടരുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പഠിക്കാനാകുമെന്ന് സംഘം പ്രതീക്ഷിക്കുന്നു, എന്നും ലീറ്റ്സ് കൂട്ടിച്ചേർത്തു.
ക്ഷേത്ര പാത്രങ്ങളും അവ സൂക്ഷിക്കുന്ന പ്രത്യേക അറയും സംഘം കണ്ടെത്തി. 2012 മുതൽ പുരാവസ്തു ഗവേഷകർ ഖനനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വലിയ ക്ഷേത്ര ജില്ലയുടെ ഭാഗമാണ് ഈ സ്ഥലം.















