ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിലെ വിജയകരമായ സേനാ പിന്മാറ്റം സംബന്ധിച്ചുള്ള വിശദാംശങ്ങൾ ലോക്സഭയെ അറിയിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇരു രാജ്യങ്ങളും തുടർച്ചയായി നടത്തിയ ചർച്ചയുടെ ഫലമാണ് സേന പിൻമാറ്റമെന്ന് അദ്ദേഹം പറഞ്ഞു. 2020ൽ ചൈന നടത്തിയ സേന വിന്യാസമാണ് സംഘർഷത്തിന് വഴിവെച്ചത്. ഇത് പ്രതിരോധിക്കാനാണ് ഇന്ത്യ സേനയെ വിന്യസിച്ചത്. ചൈനയുമായ മികച്ച നയതന്ത്ര ബന്ധം തുടരാൻ ആഗ്രഹിക്കുന്നുവെന്നും അതിർത്തിയിൽ തൽസ്ഥിതി തുടരാൻ ഇരു രാജ്യങ്ങളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2020 ജൂണിൽ ഗാൽവാൻ താഴ്വ രയിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിന്റെ സാഹചര്യത്തെക്കുറിച്ച് സഭയ്‌ക്ക് നന്നായി അറിയാം. 45 വർഷത്തിനിടെ ആദ്യമായാണ് ഇത്രയധികം ജീവനുകൾ പൊലിയുന്ന സാഹചര്യം രാജ്യം അഭിമുഖീകരിക്കേണ്ടി വന്നത്. ഇതോടെ യഥാർത്ഥ നിയന്ത്രണരേഖയ്‌ക്ക് സമീപം കനത്ത സുരക്ഷ ഉറപ്പാക്കേണ്ടി വന്നു. ഇത് സർക്കാർ ആലോചിച്ച് എടുത്ത തീരുമാനമാണ്.
എന്നാൽ ഇതൊടൊപ്പം അതിർത്തിയിലെ പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നയതന്ത്ര ശ്രമത്തിന്റെ അനിവാര്യതയെ കുറിച്ചും സർക്കാരിന് ബോധ്യമുണ്ടായിരുന്നു. യഥാർത്ഥ നിയന്ത്രണ രേഖയുണ്ടെങ്കിലും, ചില മേഖലകളിൽ ഇതിന് പൊതുവായ ധാരണയില്ല. അതിർത്തി ഒത്തുതീർപ്പിനായി ന്യായവും പരസ്പര സ്വീകാര്യവുമായ ഒരു ചട്ടക്കൂടിൽ എത്തിച്ചേരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
1962 ലെ സംഘർഷത്തിന്റെ ഫലമായി അക്സായി ചിന്നിലെ 38,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ചൈന അനധികൃതമായി കൈവശപ്പെടുത്തി. ഇതിന് പുറമെ 1963 ൽ പാകിസ്താൻ അനധികൃതമായി ഇന്ത്യൻ പ്രദേശം ചൈനയ്‌ക്ക് കൈമാറിയതായും ജയശങ്കർ ചൂണ്ടിക്കാട്ടി. 2020-ലെ സംഘർഷ സമയത്ത് കോവിഡ് അടക്കമുള്ള വെല്ലുവിളികൾക്കിടയിലും നിശ്ചയദാർഢ്യത്തൊടെ പ്രവർത്തിച്ച ഇന്ത്യൻ സേനയെ ജയശങ്കർ പ്രശംസിച്ചു. മുൻപ് ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ഉടമ്പടികളും മന്ത്രി പ്രസ്താവനയ്‌ക്കിടെ ചൂണ്ടിക്കാട്ടി.