കൊച്ചി: കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തിൽ സര്‍ക്കാരിന്റെ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് എന്‍ നഗരേഷാണ് ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ഹര്‍ജികള്‍ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് അടുത്ത ദിവസം പരിഗണിക്കും.
താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ഹര്‍ജികളിലെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട രണ്ട് ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിനെയുമാണ് ചാൻസലർ നിയമിച്ചത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ചാൻസലർ കൂടിയായിട്ടുള്ള ഗവർണർ ഇരു സർവകലാശാലയിലെയും ഒഴിഞ്ഞു കിടക്കുന്ന വൈസ് ചാൻസലർ സ്ഥാനത്തേക്ക് താൽക്കാലികമായ നിയമനം നടത്തിയത്.
സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസിയായി ഡോ കെ ശിവപ്രസാദിനെ ഗവര്‍ണര്‍ നിയമിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിരുന്നില്ലെന്ന് ഗവര്‍ണര്‍ കോടതിയില്‍ വ്യക്തമാക്കി. സര്‍വകലാശാലയിലെ ഭരണസ്തംഭനം ഒഴിവാക്കാനാണ് താത്ക്കാലിക ചുമതല നല്‍കിയതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സ്റ്റേ വേണമെന്ന സർക്കാരിന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.