മലയാളികളുടെ എക്കാലത്തെയും സൂപ്പർ ജോഡികളായ മോഹൻലാലും ശോഭനയും ഒന്നിക്കുന്ന തുടരും എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ശോഭന. സാത്വികഭാവങ്ങളെ കുറിച്ചുള്ള ചില ചർച്ചകൾ എന്ന അടിക്കുറിപ്പോടെയാണ് ശോഭന ചിത്രം പങ്കുവച്ചത്. ഫോണിൽ നോക്കിയിരിക്കുന്ന മോഹൻലാലിന്റെ സമീപത്തായി കയ്യിലൊരു ലാപ്ടോപ്പുമായി ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
തിയേറ്റർ വർക്കിന്റെ ദൃശ്യങ്ങൾ എന്നും ചിത്രത്തോടൊപ്പം ശോഭന കുറിച്ചിട്ടുണ്ട്. ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ഇരുവരും ഒന്നിച്ച ചിത്രങ്ങളിലെ ഡയലോഗുകളാണ് ആരാധകർ കമന്റുകളായി കുറിക്കുന്നത്. നാടോടിക്കാറ്റ്, മാമ്പഴക്കാലം, പവിത്രം തുടങ്ങിയ സിനിമകളിലെ ഗാനങ്ങളും ഡയലോഗുകളും കൊണ്ട് കമന്റ് ബോക്സ് നിറയുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
നാടോടിക്കാറ്റിലെ വൈശാഖ സന്ധ്യേ എന്ന ഗാനരംഗത്തെ ഓർമിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും ചിത്രവും സോഷ്യൽമീഡിയയിൽ തരംഗമാവുന്നത്.
View this post on Instagram
മോഹൻലാലിന്റെ 360-ാം ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് സംവിധാനം. 15 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നുവെന്ന സവിശേഷത കൂടി ചിത്രത്തിനുണ്ട്. 2004-ൽ റിലീസ് ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായെത്തിയത്.















