അഞ്ചുവയസുകാരന് നേരെ തെരുവ് നായയുടെ ക്രൂര ആക്രമണം. മധ്യപ്രദേശിലെ ഭോപ്പാലാണ് സംഭവം. ശിവ്പുരിക്ക് സമീപമാണ് വീടിന് പുറത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ ആക്രമിച്ചത്. കുട്ടിയുടെ ചുണ്ടും നെറ്റിയും നായ കടിച്ചെടുത്തു. ഗുരുതരമായ മുറിവുകളാണ് ശരീരമാസകലം ഉണ്ടായത്.
കോലാറിലെ പഡോര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണ സംഭവം. കുട്ടിയുടെ നിലവിളി കേട്ട പ്രദേശവാസികളാണ് തെരുവ് നായയിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെട്ടത്. അയൽക്കാരൻ വീട്ടുകാരെ വിവരം അറിയിച്ചു. പിന്നാലെ ഇവരെല്ലാം ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഉച്ചയ്‌ക്ക് ഒരുമണിക്ക് കുഞ്ഞ് മറ്റുകുട്ടികൾക്കൊപ്പം വീടിന് സമീപത്ത് നിന്ന് കളിക്കുകയായിരുന്നു. പൊടുന്നനെ കുരച്ചുകൊണ്ടെത്തിയ നായ കുഞ്ഞിനെ തലങ്ങും വിലങ്ങും കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. വേദനയിൽ പുളഞ്ഞ കുട്ടിയുടെ നിലവിളി കേട്ടാണ് ആൾക്കാർ ഓടികൂടിയത്. ഇവർ നായയെ തുരത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് മുഖത്ത് സാരമായ പരിക്കുണ്ട്.















