മെച്ചപ്പെട്ട ആരോഗ്യത്തിന് അത്യന്താപേഷിതമാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡിയുടെ അഭാവം മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് നമ്മെ അലട്ടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വിറ്റാമിൻ ഡി ആവശ്യമാണ്. അകാരണമായി ഉറക്കം വരിക, എല്ലുകളുടെ വേദന, മുടികൊഴിച്ചിൽ, കൈകാൽ കഴപ്പ് എന്നിവ വിറ്റാമിൻ ഡിയുടെ കുറവ് മൂലമാണ് ഉണ്ടാകുന്നത്.
വിറ്റാമിൻ ഡി വർദ്ധിക്കാനായി ഡോക്ടർമാരുടെ നിർദേശ പ്രകാരം അതിരാവിലെയുള്ള സൂര്യപ്രകാശമേൽക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ, ചിലപ്പോഴുണ്ടാകുന്ന അതികഠിനമായ വെയിൽ മുഖത്ത് നേരിട്ടടിക്കുന്നത് ചർമ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ പരാമവധി 10 മണിക്ക് മുമ്പുള്ള വെയിൽ കൊള്ളുന്നതാണ് നല്ലത്.
ചില ഭക്ഷണത്തിലൂടെയും നമുക്ക് വിറ്റാമിൻ ഡി വർദ്ധിപ്പിക്കാനാകും. എല്ലുകളുടെ ബലത്തിന് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവരുണ്ട്. എന്നാൽ വിറ്റാമിൻ ഡി ഇല്ലെങ്കിൽ എത്ര അളവിൽ കാത്സ്യം കഴിച്ചാലും ഗുണമുണ്ടാകില്ല എന്നതാണ് വാസ്തവം. കാരണം കാത്സ്യം അഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡി ശരീരത്തിൽ മിതമായ അളവിൽ ഉണ്ടാകണം.
കൊഴുപ്പ് അടങ്ങിയ വലിയ മീനുകളിൽ വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിശ്ചിത ദിവസങ്ങൾക്കിടയിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമായിരിക്കും. അതുപോലെ ഒന്നാണ് കൂണുകൾ. പ്രോട്ടീനുകളുടെ ഉറവിടമായ കൂണുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പഴങ്ങൾ കഴിക്കുന്നതും വിറ്റാമിൻ ഡി വർദ്ധിപ്പിക്കാൻ ഉത്തമമാണ്. നട്സ് കുതിർത്തോ വറുത്തോ കഴിക്കുന്നതും വിറ്റാമിൻ ഡി കൂട്ടാനുള്ള എളുപ്പ മാർഗങ്ങളിലൊന്നാണ്.















