ഹൈദരാബാദ്: സൂര്യന്റെ പുറംപാളിയെ കുറിച്ച് പഠിക്കാനുള്ള ദൗത്യമായ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്രോബ 3 വിക്ഷേപിക്കാനുളള അവസാന ഒരുക്കത്തിൽ ഐഎസ്ആർഒ. ബുധനാഴ്ച വൈകിട്ട് 4.08ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് പ്രോബ 3 വിക്ഷേപിക്കുന്നത്.
ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ്, ഐഎസ്ആർഒ, ഇഎസ്ഇ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തിലൂടെ നൂതന ബഹിരാകാശ സാങ്കേതികവിദ്യയാണ് പ്രോബ 3യിലുള്ളത്. ദൗത്യത്തിന്റെ ഭാഗമായി രണ്ട് ഉപഗ്രഹങ്ങൾ ഒരുമിച്ചാണ് വിക്ഷേപിക്കുന്നത്. 240 കിലോഗ്രാം ഭാരമുള്ള ഓക്യുൽറ്റർ, 310 കിലോഗ്രാം ഭാരമുള്ള കൊറോണഗ്രാഫ് എന്നിവയാണ് ഉപഗ്രഹങ്ങൾ. സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ പ്രഭാവലയവുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ ഇരട്ട കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം.
ഉപഗ്രഹങ്ങളുടെ ആകെ ഭാരം 550 കിലോഗ്രാമാണ്. നിശ്ചിത ഉയരത്തിൽ പേടകത്തിന് മുന്നിലായി മറ്റൊരു പേടകം വരുന്ന തരത്തിൽ സംവിധാനം തീർത്ത് കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നീ പേടകങ്ങൾ ബഹിരാകാശത്ത് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കും. ഇത് സൂര്യന്റെ പുറംപാളിയായ കൊറോണയെ കുറിച്ച് വ്യക്തമായി പഠിക്കാൻ സഹായിക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.
1680 കോടി രൂപയോളമാണ് പദ്ധതിയുടെ ചെലവ്. ഇന്ത്യയുടെ സ്വന്തം പോളാർ സാറ്റ്‌ലൈറ്റ് വെഹിക്കിളാണ് ( പിഎസ്എൽവി) ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങളുമായി കുതിക്കുന്നത്. ഏകദേശം 150 മീറ്റർ വ്യത്യാസത്തിൽ ഇരു പേടകങ്ങളെയും വേർപെടുത്തുന്ന സങ്കീർണമായ വിക്ഷേപണമായിരിക്കും നടക്കുകയെന്നും അവസാനഘട്ട തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു.















