തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്‌ക്കകം കേന്ദ്രത്തിന് കൈമാറും. കേസന്വേഷണം അവസാന ഘട്ടത്തിലാണെന്ന് എസ്എഫ്ഐഒ അറിയിച്ചു. ഡൽഹി ഹൈക്കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആദായ നികുതി സെറ്റിൽമെന്റ് കമ്മീഷന്റെ ഉത്തരവിനെ അടിസ്ഥാനമാക്കിയുള്ള അന്വേഷണമല്ല നടക്കുന്നതെന്നും സ്വതന്ത്ര അന്വേഷണമാണ് നടന്നതെന്നും സത്യവാങ്മൂലത്തിൽ എസ്എഫ്ഐഒ പറയുന്നുണ്ട്.
സിഎംആർഎല്ലിന്റെ ഹർജി തള്ളണമെന്നാണ് എസ്എഫഐഒയുടെ ആവശ്യം. മാസപ്പടി ഇടപാട് ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയതാണെന്നും മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിഎംആർഎൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകൾ മറ്റ് അന്വേഷണ ഏജൻസികൾക്ക് നൽകരുതെന്നും ഹർജിയിൽ പറയുന്നു.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത്. കേസിൽ വീണ വിജയൻ ഉൾപ്പെടെ 20 പേരുടെ മൊഴികൾ എസ്എഫ്ഐഒ രേഖപ്പെടുത്തിയിട്ടുണ്ട്. സിഎംആർഎൽ കമ്പനി മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയുടെയും മൊഴിയെടുത്തു.















