ആലപ്പുഴ: കളർകോട് അഞ്ച് പേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. നാല് പ്രധാന കാരണങ്ങളാണ് മോട്ടോർ വാഹനവകുപ്പ് ഇതിൽ വ്യക്തമാക്കുന്നത്. ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് ആലപ്പുഴ RTO റിപ്പോർട്ട് സമർപ്പിച്ചത്
മഴ മൂലം റോഡിലെ വെള്ളത്തിന്റെ സാന്നിധ്യം, വെളിച്ചക്കുറവ് എന്നിവ അപകടത്തിന് കാരണമായി. 7 പേർ യാത്ര ചെയ്യേണ്ട ടവേര വാഹനത്തിൽ 11 പേർ കയറിയത് അപകടത്തിന്റെ ആഘാതം കൂട്ടി. ടവേര വാഹനം ഓടിച്ചയാൾക്ക് 5 മാസം മാത്രമാണ് ഡ്രൈവിംഗ് പരിചയം. വാഹനം തെന്നിയപ്പോൾ നിയന്ത്രണത്തിലാക്കാൻ ഡ്രൈവർക്ക് കഴിഞ്ഞില്ല.
വാഹനത്തിന് 14 വർഷം പഴക്കം, സുരക്ഷ സംവിധാനങ്ങളായ ആൻഡി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇല്ലാത്തതിനാൽ വാഹനം ബ്രേക്ക് ചെയ്തപ്പോൾ തെന്നി നീങ്ങിയത് നിയന്ത്രിക്കാനായില്ല, തുടങ്ങിയവയാണ് കണ്ടെത്തലുകൾ. മോട്ടർ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അതേസമയം പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന മെഡിക്കൽ വിദ്യാർത്ഥികളെ ക്രിട്ടിക്കൽ കെയർ വിദഗ്ധൻ പരിശോധിച്ചു. ഡോ: അനീഷ് ദാസ് ആണ് തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലെത്തിയത്.