സിയോൾ: ദക്ഷിണ കൊറിയയിൽ അടിയന്തര പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് യൂൺ സൂക് യോൾ. രാജ്യത്തോട് നടത്തിയ ടെലിവിഷൻ അഭിസംബോധനയിലായിരുന്നു പ്രഖ്യാപനം. ഉത്തരകൊറിയയുടെ ഒത്താശയോടെ പ്രതിപക്ഷം രാജ്യത്ത് സായുധ കലാപത്തിനും ജനാധിപത്യം അട്ടിമറിക്കാനും ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി.
പാർലമെന്റിൽ മന്ത്രിമാരെ ഇംപീച്ച് ചെയ്യാനും ബജറ്റ് പാസാക്കുന്നത് തടയാനും പ്രതിപക്ഷം ശ്രമിക്കുന്നതായി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ശക്തികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ വേണ്ടിയാണ് പട്ടാള നിയമം പ്രഖ്യാപിക്കുന്നതെന്നാണ് വിശദീകരണം. രാജ്യവിരുദ്ധ ശക്തികളെ തുടച്ചുനീക്കേണ്ടതുണ്ടെന്നും യൂൺ സൂക് യോൾ പറഞ്ഞു.
എന്നാൽ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പാർലമെന്റിന് പുറത്ത് വൻ പ്രതിഷേധവും ആരംഭിച്ചു. പട്ടാള നിയമം വേണ്ടെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും കലാപം നേരിടാനുളള സേനയും രംഗത്തിറങ്ങി.
ഇതിനിടയിലായിരുന്നു പാർലമെന്റിൽ നിയമത്തിനെതിരെ വോട്ടെടുപ്പ് നടന്നത്. പാർലമെന്റിലെ 300 അംഗങ്ങളിൽ ഹാജരായ 190 അംഗങ്ങളും നിയമത്തെ എതിർത്ത് വോട്ട് ചെയ്യുകയായിരുന്നു. ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ എല്ലാ അംഗങ്ങളോടും പാർലമെന്റിലെത്താൻ പ്രതിപക്ഷം ആഹ്വാനം നൽകിയിരുന്നു. ഇതിന് പിന്നാലെ പട്ടാള ടാങ്കുകൾ നിരത്തിൽ നിരക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടത് ജനങ്ങളിൽ ആശങ്ക ഇരട്ടിയാക്കുകയും ചെയ്തു.
അടുത്ത വർഷത്തെ ബജറ്റ് ബില്ലിന്റെ പേരിൽ യൂൺ സൂക് ഇയോളിന്റെ പീപ്പിൾ പവർ പാർട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ രൂക്ഷമായ പോര് നടന്നുവരുന്നതിനിടെയാണ് നീക്കം. അടുത്തിടെയായി രാഷ്‌ട്രീയ അരക്ഷിതാവസ്ഥയിലൂടെയാണ് ദക്ഷിണ കൊറിയ കടന്നുപോകുന്നത്.















