മുംബൈ; മഹാരാഷ്‌ട്രയിൽ മഹായുതി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഏക്‌നാഥ് ഷിൻഡെയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നവിസ്. താനെയിലായിരുന്ന ഷിൻഡെ ഇന്നലെയായിരുന്നു തിരികെ മുംബൈയിലെത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന് സുഖമില്ലാതായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച.
വ്യാഴാഴ്ചയാണ് മഹായുതി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഷിൻഡെയുടെ ശിവസേനയും ബിജെപിയും തമ്മിൽ തർക്കമുണ്ടെന്ന മാദ്ധ്യമവാർത്തകൾ ഷിൻഡെ തന്നെ നേരത്തെ നിഷേധിച്ചിരുന്നു. 132 സീറ്റുകളാണ് ബിജെപിക്കുളളത്. ബിജെപി നേതാക്കൾ പറയുന്നത് അംഗീകരിക്കുമെന്നും താൻ മൂലം മന്ത്രിസഭാ രൂപീകരണത്തിൽ ഒരു തടസവും ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ദിവസങ്ങൾക്ക് മുൻപ് ഷിൻഡെ വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച ബിജെപി എംഎൽഎമാർ യോഗം ചേർന്ന് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനിരിക്കെയാണ് ഫട്‌നാവിസ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്താനെത്തിയത്. മുഖ്യമന്ത്രി ആരാണെന്ന് നിയമസഭാ കക്ഷിയോഗത്തിൽ തീരുമാനിക്കുമെന്നാണ് ബിജെപിയുടെ മഹാരാഷ്‌ട്രയിലെ കേന്ദ്ര നിരീക്ഷകനായ വിജയ് രൂപാനി പറഞ്ഞത്. എല്ലാവരുടെയും അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച മുംബൈയിലെ ആസാദ് മൈതാനിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഇവിടെ കൂറ്റൻ പന്തൽ ഉൾപ്പെടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുളളവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.















