ന്യൂഡൽഹി: അഞ്ച് പ്രധാന സൈനിക നവീകരണ പദ്ധതികൾക്ക് പ്രാഥമിക അനുമതി നൽകി പ്രതിരോധ മന്ത്രാലയം. നാവികസേനയ്‌ക്കുള്ള അതിവേഗ ആക്രമണ ക്രാഫ്റ്റുകൾ, ഐഎഎഫിന്റെ സുഖോയ്-30MKI യുദ്ധവിമാനങ്ങൾക്കുള്ള ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകൾ, കോസ്റ്റ് ഗാർഡിന് ഹെലികോപ്റ്ററുകൾ എന്നിവയുൾപ്പെടെ 21,772 കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻസ് കൗൺസിൽ (DAC) 31 പുതിയ വാട്ടർ-ജെറ്റ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകൾ വാങ്ങുന്നതിനുള്ള വാങ്ങുന്നതിനുള്ള നിർദേശം അംഗീകരിച്ചു.
തീരത്തോട് ചേർന്നുള്ള നിരീക്ഷണം, പട്രോളിംഗ്, തെരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയ്‌ക്ക് പുതിയ വാട്ടർ-ജെറ്റ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകൾ സഹായിക്കും. ദ്വീപ് പ്രദേശങ്ങളിലെ കടൽക്കൊള്ള വിരുദ്ധ ദൗത്യങ്ങളിലും ഇവ സേനയ്‌ക്ക് മുതൽക്കൂട്ടാകും. തീരത്തിനടുത്തുള്ള മുൻനിര യുദ്ധ കപ്പലുകൾക്കും അന്തർവാഹിനികൾക്കും അകമ്പടി സേവിക്കുന്നതുൾപ്പെടെയുള്ള ഒന്നിലധികം ഉപയോഗങ്ങളുള്ള 120 ഫാസ്റ്റ് ഇന്റർസെപ്റ്റർ ക്രാഫ്റ്റുകൾ വാങ്ങുന്നതിനും DAC അനുമതി നൽകി.
സുഖോയ്-30MKI ജെറ്റുകൾക്കാവശ്യമായ സ്വയം സംരക്ഷണ ജാമർ പോഡുകൾ, റഡാർ മുന്നറിയിപ്പ് റിസീവറുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുള്ള ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകൾ ലഭ്യമാക്കും. തീരപ്രദേശങ്ങളിൽ നിരീക്ഷണവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായി കോസ്റ്റ് ഗാർഡിന് ആറ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും അനുവദിച്ചു. T-72, T-90 മെയിൻ-യുദ്ധ ടാങ്കുകൾ, ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾസ്, സുഖോയ് യുദ്ധവിമാനങ്ങളുടെ എഞ്ചിനുകൾ എന്നിവയുടെ നവീകരണത്തിനുള്ള നിർദ്ദേശങ്ങളും DAC അംഗീകരിച്ചു.