ന്യൂഡൽഹി: നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട് ഗുരുവായൂർ ദേവസ്വം ബോർഡിന് ഡയറക്ടറേറ്റ് ഓഫ് ജിഎസ്ടി ഇന്റലിജൻസിന്റെ നോട്ടീസ്. 2017 ജുലൈ മുതൽ 2023 മാർച്ച് വരെയുള്ള കുടിശ്ശികയായ 4.52 കോടി രൂപ അടക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.
ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ദേവസ്വം ബോർഡ് ഈടാക്കുന്ന ഹെലികോപ്റ്റർ ലാൻഡിംഗ് ഫീസ്, വാഹന വാടക, മാസികകൾ, പുസ്തകങ്ങൾ, ഡയറികൾ, പഞ്ചാംഗങ്ങൾ എന്നിവയിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളുടെ ഫീസ് എന്നിങ്ങനെയുള്ള വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്‌ക്കുന്നില്ലെന്ന് കേന്ദ്ര ജിഎസ്ടിവി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. സേവനവും ഉൽപ്പനങ്ങളും നൽകുമ്പോള്‍ ദേവസ്വം ബോർഡ് ജിഎസ്ടി വാങ്ങുന്നുണ്ടെങ്കിലും അത് അടയ്‌ക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
1978-ലെ ഗുരുവായൂർ ദേവസ്വം നിയമപ്രകാരം സ്ഥാപിതമായ ഗുരുവായൂർ ദേവസ്വം ബോർഡ് 11 ക്ഷേത്രങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ 2,053 കോടി രൂപയുടെ സ്ഥിരനിക്ഷേപവും 271 ഏക്കർ ഭൂമിയും 1,084.76 കിലോഗ്രാം സ്വർണ്ണവുമുണ്ട്. കൊച്ചിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിച്ചിരിക്കുന്ന 869 കിലോഗ്രാം സ്വർണത്തിന് പ്രതിവർഷം ഏഴ് കോടി രൂപയാണ് ക്ഷേത്രത്തിന് ലഭിക്കുന്നത്.
2018-19 സാമ്പത്തിക വർഷം മുതൽ ബോർഡ് നിയമപരമായ ഓഡിറ്റും നടത്തിയിട്ടില്ല. മാത്രമല്ല ഏകീകൃത വാർഷിക രസീതുകളും ചെലവ് കണക്കുകളും തയ്യാറാക്കിയിട്ടില്ല. ഈക്കാര്യം മുൻനിർത്തി മാർച്ചിൽ ആദായനികുതി വകുപ്പ് ദേവസ്വം ബോർഡ് ഓഫീസിൽ പരിശോധന നടത്തിയിരുന്നു.















