തിരുവനന്തപുരം; കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭായോഗത്തിന്റെ തത്വത്തിലുള്ള അംഗീകാരം. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റർ സർവ്വീസ് നെറ്റ്‌വർക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഹെലി പോർട്ട്സ്, ഹെലി സ്റ്റേഷൻസ്, ഹെലിപാഡ്സ് തുടങ്ങിയവയ്‌ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയിൽ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഉണർവ്വേകുവാൻ ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ സാധിക്കും. കൂടുതൽ സംരംഭകർ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിനും സഹായകരമാകുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സർക്കാർ വ്യക്തമാക്കി.
ആരോഗ്യ വകുപ്പിൽ 44 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി 30 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികകൾ ഉൾപ്പെടെയാണ് സൃഷ്ടിക്കുക. ഡ്രഗ്സ് കൺട്രോൾ വകുപ്പിനു കീഴിലെ കോന്നി ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 അധിക തസ്തികകളും സൃഷ്ടിക്കും.
കേരള നഗര നയ കമ്മീഷന്റെ കാലാവധി 2025 മാർച്ച് 31 വരെ ദീർഘിപ്പിച്ചു നൽകും. സ്മാർട്ട്സിറ്റി കൊച്ചി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ സമിതിയുടെ ശിപാർശ അംഗീകരിച്ചു. ടീകോമുമായി ചർച്ചകൾ നടത്തി പരസ്പര ധാരണയോടെ പിന്മാറ്റനയം രൂപകൽപ്പന ചെയ്യും. ടീകോമിനു നൽകേണ്ട നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് ഇന്റിപെൻഡന്റ് ഇവാല്യുവേറ്ററെ നിയോഗിക്കാനും തീരുമാനിച്ചു.
2024 നവംബർ 27 മുതൽ ഡിസംബർ 2 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 4,70,34,150 രൂപയാണ് വിതരണം ചെയ്തത്. 1301 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കളെന്നും സർക്കാർ അറിയിച്ചു.















