യുഎഇയിലെ പത്തുവിക്കറ്റിന് തകർത്ത് അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. വൈഭവ് സൂര്യവൻഷിയും ആയുഷ് മാത്രെയും തകർത്തടിച്ചതോടെ ഇന്ത്യ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ടോസ് നേടിയ യുഎഇ ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ തുടക്കം മുതലേ ഈ തീരുമാനം പാളുന്നതാണ് കണ്ടത്. 44 ഓവറിൽ 137 റൺസെടുത്ത യുഎഇ പുറത്തായി. ഇന്ത്യക്കായി യുദ്ധജിത് ഗുഹ മൂന്ന് വിക്കറ്റ് പിഴുതു. ചേതൻ ശർമയും ഹാർദിക് രാജും രണ്ടുവിക്കറ്റ് വീതം നേടി. സെമിയിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. ബംഗ്ലാദേശ് മറ്റൊരു സെമിയിൽ പാകിസ്താനുമായി ഏറ്റുമുട്ടും.
മറുപടി ബാറ്റിംഗിൽ 16.1 ഓവറിൽ ഇന്ത്യ ലക്ഷ്യം കണ്ടു. 46 പന്തിൽ 76 റൺസ് നേടിയ സുര്യവൻഷിയും 51 പന്തിൽ 67 റൺസടിച്ച ആയുഷും അപരാജിതരായി ക്രീസിലുണ്ടായിരുന്നു. വൈഭവ് ആറ് സിക്സറുകൾ പറത്തിയപ്പോൾ നാലെണ്ണം ആയുഷും അതിർത്തിവര കടത്തി. യഥാക്രമം 3,4 ബൗണ്ടറി നേടാനും ഇരുവർക്കുമായി. റയാൻ ഖാൻ (35) യു.എ.ഇയുടെ ടോപ് സ്കോറർ. അക്ഷത് റായി(26), ഉദ്ധിഷ് സൂരി(16), എയ്ഥൻ ഡിസൂസ (17) എന്നിവരാണ് മറ്റു സ്കോറർമാർ.