ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെയും കോൺഗ്രസ് നേതാക്കളെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാഹുലും പ്രിയങ്കയും സംഭൽ സന്ദർശിക്കാൻ പദ്ധതിയിട്ടത് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുന്നതിനാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് കേന്ദ്രമന്ത്രിമാർ പ്രശ്‌നബാധിത സ്ഥലത്ത് സന്ദർശനം നടത്താത്തത്. എന്നാൽ സംഘർഷം വർദ്ധിപ്പിക്കാനാണ് രാഹുൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
” കോൺഗ്രസ് നേതാക്കളുടെ സംഭൽ സന്ദർശനം എന്തിനാണെന്ന് എല്ലാവർക്കും മനസിലാക്കാം. സംഭലിൽ സംഘർഷാവസ്ഥ തുടരുകയാണ്. ജനങ്ങളുടെ സുരക്ഷ മാനിച്ചാണ് ഒരാളെയും പൊലീസ് പ്രദേശത്തേക്ക് കടത്തിവിടാത്തത്. എന്നാൽ രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സ്ഥിതിഗതികൾ വഷളാക്കാനുള്ള ശ്രമമാണ് നടത്തിയത്. അണയുന്ന കനൽ കെടുത്താൻ ശ്രമിക്കാതെ തീ പടർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.”- പ്രൾഹാദ് ജോഷി പറഞ്ഞു.
രാഹുലിന്റെ സംഭാൽ സന്ദർശനത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദിയും രംഗത്തെത്തിയിരുന്നു. മാദ്ധ്യമ ശ്രദ്ധ പിടിച്ചുപറ്റാനാണ് രാഹുലും പ്രിയങ്കയും ശ്രമിക്കുന്നതെന്നും തികച്ചും ഔപചാരികതയുടെ പുറത്താണ് സംഭൽ സന്ദർശനത്തിനായി കോൺഗ്രസ് നേതാക്കൾ ഉത്തർപ്രദേശിലെത്തിയതെന്നും അദ്ദേഹം വിമർശിച്ചു.
സംഭലിലെ ജനങ്ങളോടുള്ള സ്‌നേഹത്തിന്റെ പുറത്തല്ല രാഹൽ സന്ദർശനത്തിനെത്തിയത്. വോട്ടുകൾ ഉറപ്പിക്കുകയെന്ന ലക്ഷ്യം മാത്രമേ അദ്ദേഹത്തിന്റെ സന്ദർശനത്തിന് പിന്നിലുള്ളത്. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പൊലീസ് ജനങ്ങളുടെ സുരക്ഷയ്‌ക്കാണ് മുൻഗണന നൽകുന്നത്. എന്നാൽ സംഘർഷാവസ്ഥ രൂക്ഷമാക്കാനാണ് രാഹുൽ ശ്രമിച്ചതെന്നും സുധാൻഷു വ്യക്തമാക്കി.
സംഭൽ സന്ദർശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും ഗാസിപുർ അതിർത്തിയിൽ പൊലീസ് തടയുകയായിരുന്നു. പ്രദേശത്ത് സംഘർഷം നിലനിൽക്കുന്നുണ്ടെന്നും രാഹുലിന്റെയും എംപിമാരുടെയും സുരക്ഷ മാനിച്ചാണ് കടത്തിവിടാത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ പൊലീസ് വാഹനത്തിലെങ്കിലും സംഭലിലേക്ക് കൊണ്ടുപോകണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ് നേതാക്കൾ. ഇതോടെ പൊലീസ് രാഹുലിനെ തിരിച്ചയക്കുകയായിരുന്നു.