മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചെയ്യുന്ന ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫെയ്സ്ബുക്കിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.. 1.16 മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ മമ്മൂട്ടിയും ഗോകുൽ സുരേഷും മാത്രമാണുള്ളത്. ഗോകുലിനെ സ്റ്റണ്ട് പഠിപ്പിക്കുന്നതാണ് വീഡിയോ.
എതിരെ വരുന്നവനെ എങ്ങനെ നേരിടണം എന്നതിനെ കുറിച്ച് ഗോകുലിന് വിശദമായി പറഞ്ഞുകൊടുക്കുകയാണ് മമ്മൂട്ടി. ചിത്രത്തിൽ ഒരു പ്രൈവറ്റ് ഡിറ്റക്ടീവായാണ് മമ്മൂട്ടി എത്തുന്നത്. മുഴുനീള കോമഡി എന്റർടൈൻമെന്റ് ചിത്രമായാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് ഒരുങ്ങുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.
ഷെർലക് ഹോംസുമായി സമാനതകളുള്ള രസകരമായ കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, ലെന, വിജയ് ബാബു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ആറാമത്തെ ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്.
സൂരജ് രാജൻ, നീരജ് രാജൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടീസർ പുറത്തിറങ്ങുമെന്ന വിവരം മമ്മൂട്ടി കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു.