എറണാകുളം: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ലോകത്തെ അറിയിക്കേണ്ട സമയമായെന്ന് നടനും സംവിധായകനുമായ മേജർ രവി. തിരിച്ചറിയൽ രേഖകൾ നോക്കികൊണ്ട് പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെയാണ് ന്യൂനപക്ഷ സമുദായങ്ങളെ കൊല്ലുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ എറണാകുളം ബോട്ട്ജെട്ടിയിൽ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേജർ രവി.
സ്കൂൾ കുട്ടികളെയും കോളേജ് വിദ്യാർത്ഥികളെയും തെരുവിൽ ഇറക്കിക്കൊണ്ടാണ് ബംഗ്ലാദേശിൽ ഹൈന്ദവർക്ക് നേരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. ഇത് ലോകത്തെ അറിയിക്കേണ്ട സമയമായിരിക്കുന്നു. എത്രത്തോളം സഹിക്കാൻ കഴിയുമോ അത്രത്തോളം സഹിച്ചാണ് ഹൈന്ദവ സമൂഹം ഇന്ന് ജീവിക്കുന്നത്. തിരിച്ചറിയൽ രേഖകൾ നോക്കി, തന്റെ ജാതി അല്ലാത്തവരായ ആളുകളെ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തല്ലിക്കൊല്ലുന്നു.
പ്രത്യേക വർഗം, ഒരു പ്രത്യേക ജാതിയോട് മാത്രമാണ് ഇത്തരത്തിൽ ക്രൂരത കാണിക്കുന്നത്. ലോകത്ത് മുഴുവൻ ഇതൊരു ശബ്ദമായി മാറണം. ബംഗ്ലാദേശ് പ്രധാനമന്ത്രി നാടുവിട്ടപ്പോൾ പോലും ഇന്ത്യയാണ് അവർക്ക് അഭയം കൊടുത്തത്. ഇന്ത്യ ഒരിക്കലും ജാതിയും മതമൊന്നും നോക്കുന്നില്ല. ഹൈന്ദവർക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കികൊടുക്കണം. ഈ ശബദം ഇവിടെ മാത്രം നിൽക്കരുത്. ഇത് ഇന്ത്യ മുഴുവൻ അലയടിക്കണം.
ബംഗ്ലാദേശിൽ മരിച്ചുവീഴുന്നത് ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ അല്ല. മനുഷ്യന്മാരാണ്. ഒരു വിഭാഗം ആൾക്കാർ മറ്റുള്ളവരെ തല്ലിക്കൊല്ലുക എന്നത് അവരുടെ മാനസിക വിഭ്രാന്തിയാണ്. അതിനെ അടിച്ചമർത്തിയില്ലെങ്കിൽ സമാധാനത്തോടെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും മേജർ രവി പറഞ്ഞു.















