ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിൽ കുടുങ്ങിയ മോഡലിന് 99,000 നഷ്ടമായതായി പൊലീസ്. മോഡലും 2017ലെ ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റുകളിലൊരാളുമായ ശിവാങ്കിത ദീക്ഷിതിന് ആണ് സൈബർ തട്ടിപ്പുകാരിൽ നിന്ന് പണി കിട്ടിയത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന വീഡിയോ കോളിലൂടെയാണ് സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പുകാർ ശിവാങ്കിതയെ കബളിപ്പിച്ച് ഡിജിറ്റൽ അറസ്റ്റ് നടത്തിയത്.
സിബിഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ശിവാങ്കിതയ്‌ക്ക് ആദ്യം ഫോണിലേക്ക് കോൾ എത്തുന്നത്. ശിവാങ്കിതയുടെ ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ സിം എടുത്തിട്ടുണ്ടെന്നും, ഈ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നുമാണ് വിളിച്ചയാൾ ആദ്യം പറയുന്നത്. മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ അക്കൗണ്ടിലേക്ക് പണം എത്തുന്നുണ്ടെന്നും ഇവർ പറയുന്നു.
ഇത് വിശ്വസിച്ച യുവതി വീഡിയോ കോളിൽ തുടരുകയും ചെയ്തു. ഇതിനിടെ പൊലീസ് യൂണിഫോം ധരിച്ച ആളെയും, സൈബർ പൊലീസ് ഡൽഹി എന്ന് എഴുതിയ ബോർഡും കണ്ടതായി യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വീഡിയോ കോളിനിടെ ഒരു വനിത ഉൾപ്പെടെ നാല് പേരുമായി ഇവർ സംസാരിച്ചിരുന്നു. എല്ലാവരും പൊലീസ് ഉദ്യോഗസ്ഥരാണെന്നാണ് ഇവരെ ധരിപ്പിച്ചിരുന്നത്. പ്രശ്‌നം ഉടൻ പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്‌ക്കുമെന്നും ഇവർ ഭീഷണി മുഴക്കുന്നു.
തുടർന്ന് തട്ടിപ്പുസംഘത്തിന്റെ നിർദേശപ്രകാരം 99,000 രൂപ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് യുവതി ട്രാൻസ്ഫർ ചെയ്ത് നൽകുന്നു. പിന്നാലെ മറ്റൊരു അക്കൗണ്ടിലേക്ക് കൂടി പണം അയയ്‌ക്കാൻ ഇവർ ആവശ്യപ്പെടുന്നു. ഇതിനിടെ ഈ വിവരം അറിഞ്ഞ ശിവാങ്കിതയുടെ പിതാവിന് ഇതിൽ സംശയം തോന്നുകയും, മകൾ സൈബർ തട്ടിപ്പിന് ഇരയായതാണെന്ന് മനസിലാവുകയും ചെയ്തു. ഉടൻ തന്നെ ഇവർ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സൈബർ ക്രൈം ഹെൽപ്പ് ലൈനിലും പരാതി നൽകിയതായി കുടുംബം അറിയിച്ചു.