മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വപാടവത്തെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ‘ പ്രധാനമന്ത്രിയുടെ മെയ്‌ക്ക് ഇൻ ഇന്ത്യ’ പദ്ധതി ഇന്ത്യയിലെ ചെറുകിട സംരംഭകർക്ക് വളരെയധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും പുടിൻ പറഞ്ഞു. മോസ്‌കോയിൽ വിടിബി ഇൻവെസ്റ്റ്‌മെന്റ് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
”റഷ്യയിലേതിന് സമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലും ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ എന്ന പേരിൽ സംരംഭകർക്കായി പദ്ധതിയുണ്ട്. ഇന്ത്യയിലേക്ക് നിർമാണ സൈറ്റുകൾ വികസിപ്പിക്കാൻ റഷ്യ തയ്യാറാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വപാടവം അഭിനന്ദനീയമാണ്. വരും വർഷങ്ങളിൽ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താനാകുമെന്ന് വിശ്വസിക്കുന്നു.”- വ്‌ളാഡിമിർ പുടിൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ചെറുകിട സംരംഭകർക്കും ജനങ്ങൾക്കും ഏറെ പ്രയോജനകരമാകുന്ന വിധത്തിലാണ് മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതി നടപ്പിലാക്കുന്നതെന്നും പുടിൻ കൂട്ടിച്ചേർത്തു.
അതേസമയം വ്‌ളാഡിമിർ പുടിൻ അടുത്ത വർഷം ഇന്ത്യയിൽ സന്ദർശനം നടത്തുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ക്ഷണ പ്രകാരമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. 2025 ഓടെ പുടിന്റെ ഇന്ത്യ സന്ദർശനത്തിന്റെ തീയതികളിൽ തീരുമാനമുണ്ടായേക്കാം. രാഷ്‌ട്രീയം, സാമ്പത്തികം, സഹകരണം, പ്രതിരോധം, ഊർജ്ജം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.