കാസര്‍കോട്: പ്രവാസി വ്യവസായി എം.സി. അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷമീമയെന്ന ജിന്നുമ്മയ്‌ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവാസിയെ ഹണിട്രാപ്പില്‍പ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസിലെ പ്രതിയാണ് ജിന്നുമ്മ. രണ്ടാഴ്ച ജയിലിലും കിടന്നിരുന്നു. അന്ന് ജയിലിൽ കൂടെയുണ്ടായവരാണ് അറബി ദുർമന്ത്രവാദ സംഘത്തിലുണ്ടായിരുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. 596 പവൻ സ്വർണ്ണമാണ് സംഘം അബ്ദുള്‍ ഗഫൂര്‍ ഹാജിയിൽ നിന്ന് തട്ടിയെടുത്തത്. ആഭിചാരത്തിന്റെ ഭാഗമായി ഗഫൂര്‍ ഹാജിയെ തലയില്‍ പ്രത്യേകവസ്ത്രം ധരിപ്പിച്ചശേഷം തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഉയർന്ന സാമ്പത്തികമുള്ളവരേയാണ് ജിന്നുമ്മ നോട്ടമിട്ടിരുന്നത്. സമ്പന്നരുടെ വീടുകളിലെത്തി ജിന്നുമ്മയ്‌ക്ക് ആത്മീയശക്തിയുണ്ടെന്ന് സംഘത്തിലെ മറ്റുള്ളവർ പറഞ്ഞ് വിശ്വസിപ്പിക്കും. കാസര്‍കോട് ജില്ലയിലെ ഒട്ടേറെ പ്രമുഖർ ഇവരുടെ വലയിൽ വീണിട്ടുണ്ടെന്നാണ് വിവരം.
ഇസ്ലാമിക ആഭിചാരത്തിന് ശേഷം ജിന്നുമ്മ കർണ്ണാടകകാരി ‘പാത്തൂട്ടി’യായി ഉറഞ്ഞുതുള്ളും. തന്റെ ശരീരത്തിൽ പാത്തൂട്ടിയുടെ ആത്മാവുണ്ടെന്ന് പറഞ്ഞ് ഇവർ വിശ്വസിപ്പിക്കും. തട്ടിപ്പിനിരയാകുന്നവർ സമൂഹത്തില്‍ അറിയപ്പെടുന്നവർ ആയതിനാല്‍ ആരും പരാതിപ്പെടാറില്ല. ഇതായിരുന്നു സംഘം മുതലെടുത്തത്.
2023 ഏപ്രില്‍ 14 നാണ് ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു അബ്ദുൽഗഫൂറിനെ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം ഇദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു. സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം സംസ്കരിച്ചു. പിന്നീടാണ് 596 പവൻ സ്വർണ്ണം നഷ്ടമായ വിവരം കുടുംബം അറിയുന്നത്. ഇതോടെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിനെ സമീപിക്കുകയായിരുന്നു.















