കൊല്ലം: പൂജ ബമ്പറിൽ നിന്നും ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം സേവാഭാരതിയിലൂടെ സേവനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഭാഗ്യശാലി ദിനേശ് കുമാർ. സേവാഭാരതിയിൽ പൂർണ വിശ്വാസമുണ്ടെന്നും നിർധനരായ കുടുംബങ്ങളെ സഹായിക്കുമെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
” ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം പാവപ്പെട്ടവരെ സഹായിക്കാനായി മാറ്റി വയ്‌ക്കും. സേവാഭാരതിയൂടെ സേവന പ്രവർത്തനങ്ങൾ ചെയ്യും. വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സേവാഭാരതി നടത്തിയ സേവന പ്രവർത്തനങ്ങൾ എനിക്ക് അറിയാം. അതുകൊണ്ടുതന്നെ ഞാൻ നൽകുന്ന തുക അർഹതപ്പെട്ടവരിലേക്ക് എത്തുമെന്ന വിശ്വാസമുണ്ട്.”- ദിനേശ് കുമാർ പറഞ്ഞു.
നവംബർ 22-ാം തീയതിയാണ് ദിനേശ് കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്നും ടിക്കറ്റെടുത്തത്. 10 ടിക്കറ്റുകളിൽ ഒന്നായ JC 325526 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 12 കോടി അടിച്ചത്. സ്ഥിരമായി ലോട്ടറി എടുന്ന വ്യക്തിയാണ് താനെന്നും എല്ലാവരും ലോട്ടറി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുൻപും 1,000 മുതൽ 50,000 വരെയുള്ള തുകകൾ ദിനേശിന് ലോട്ടറി അടിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളിയിൽ ഫാം നടത്തിവരികയാണ് ദിനേശ് കുമാർ. ഭാര്യയ്‌ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് അദ്ദേഹം ലോട്ടറി സെന്ററിലേക്കെത്തിയത്. പൊന്നാട അണിയിച്ചും ബൊക്ക നൽകിയും മധുരം നൽകിയും ദിനേശ് കുമാറിനെയും കുടുംബത്തെയും നാട്ടുകാരും ലോട്ടറി സെന്റർ ഉടമയും സ്വീകരിച്ചു.