ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2 റിലീസ് ദിനം നേടുന്നത് സമ്മിശ്ര പ്രതികരണങ്ങൾ. ആദ്യ ഷോ കഴിയുമ്പോൾ, സിനിമ ഗംഭീരമാണെന്ന അഭിപ്രായമാണ് ഒരു വിഭാഗം പ്രേക്ഷകർ പങ്കുവച്ചത്. എന്നാൽ പ്രതീക്ഷകൾക്ക് മങ്ങലേറ്റെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ പ്രതികരണം.
‘മൂന്നാം ഭാഗത്തിന് വേണ്ടിയുള്ള ഉഗ്രൻ ക്ലൈമാക്സാണ് ചിത്രത്തിന്റേത്. ഒരു രക്ഷയുമില്ലാത്ത ദൃശ്യവിസ്മയം, അല്ലു അർജുനും രശ്മികയും നാഷ്ണൽ അവാർഡ് തൂക്കും, ആരാധകർക്ക് കാത്തിരുന്ന മാസ് സീനുകളിൽ നിന്ന് വൈകാരിക തലത്തിലേക്കാണ് ചിത്രമെത്തുന്നത്. തിയേറ്ററിൽ തന്നെ പുഷ്പ 2 കാണണം.
“ആദ്യ ഭാഗത്തേത് പോലെ രണ്ടാം ഭാഗത്തിലും അല്ലു അർജുൻ തകർത്ത് അഭിനയിച്ചു. ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഫഫയുടെ റോൾ അടിപൊളി. എന്നാൽ ചിത്രം പ്രതീക്ഷകൾക്കൊത്ത് മുന്നേറാൻ സാധിക്കാത്തതിന്റെ നിരാശയിലാണ് ആരാധകർ. പുഷ്പയുടെ ആദ്യ ഭാഗത്ത് ഫഹദും അല്ലുവും തമ്മിലുള്ള സീനായിരുന്നു പ്രേക്ഷകരുടെ കയ്യടി വാരികൂട്ടിയതെന്നും എന്നാൽ രണ്ടാം ഭാഗത്തിലുള്ള ഇരുവരുടെയും കോംബോ കോമഡി ആയാണ് തോന്നുന്നതെന്നും പ്രേക്ഷകർ പറയുന്നു”.
കഥയുടെ രീതിക്ക് കൊണ്ടുവരുന്നതിന് വേണ്ടി ഫഹദ് ഫാസിലിനെ കൊണ്ട് ഓവർ ആക്ട് ചെയ്യിപ്പിച്ചത് പോലെ തോന്നി, സിനിമ കുറച്ച് ലാഗായിരുന്നു, കഥ വെറുതെ വലിച്ച് നീട്ടികൊണ്ട് പോയതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ്, മാസിന് പകരം ഇമോഷണൽ സീനുകളാണ് കൂടുതലെന്നാണ് പ്രേക്ഷകാഭിപ്രായം.
കേരളത്തിൽ 500 സ്ക്രീനുകളിലാണ് പുഷ്പ 2 പ്രദർശനത്തിനെത്തിയത്. പുലർച്ചെ നാല് മണിക്കായിരുന്നു ആദ്യ ഷോ. ലോകത്താകെ 12,000 സ്‌ക്രീനുകളിലാണ് പുഷ്പ 2 റിലീസ് ചെയ്തത്. ആദ്യ ഭാഗത്തിന് ഉഗ്രൻ വിജയം നേടാൻ കഴിഞ്ഞ ചിത്രത്തിന് രണ്ടാം ഭാഗത്തിൽ എത്ര സ്വന്തമാക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാസ്വാദകർ.