മുംബൈ: മഹാരാഷ്‌ട്രയിൽ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലേറി മഹായുതി സർക്കാർ. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ ശിവസേനാ നേതാവ് ഏകനാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി അധികാരമേറ്റു. ഗവർണർ സിപി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനായിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി ആസാദ് മൈദാനിലാണ് ചടങ്ങ് നടന്നത്.
ബിജെപിയുടെ ദേശീയ നേതാക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമലാ സീതാരാമൻ, മറ്റ് കേന്ദ്രമന്ത്രിമാരെല്ലാം ചടങ്ങിനെത്തി. ബിജെപി, ശിവസേന, എൻസിപി പാർട്ടികളുടെ ലക്ഷക്കണക്കിന് പ്രവർത്തകരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. കൂടാതെ എൻഡിഎ സർക്കാർ നയിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.
അഴിമതിയുടെ കറ പുരളാത്ത സർക്കാർ എന്നതായിരുന്നു മഹായുതിയുടെ ഏറ്റവും വലിയ നേട്ടം. അത് വോട്ടാക്കി മാറ്റാനും തെരഞ്ഞെടുപ്പിൽ അമ്പരപ്പിക്കുന്ന വിജയത്തിലേക്ക് കുതിക്കാനും മഹായുതിക്ക് കഴിഞ്ഞിരുന്നു. ഐകകണ്ഠ്യേന മുഖ്യമന്ത്രിയെ തീരുമാനിക്കാനും മഹായുതി സഖ്യത്തിന് കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ സവിശേഷത.