സൂര്യന്റെ പുറംപാളിയായ കൊറോണയെ കുറിച്ചൊരു പഠനം, അതാണ് പ്രോബ – 3 ദൗത്യം. പ്രോബാസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് പ്രോബ എന്ന വാക്യമുണ്ടായത്. ‘ശ്രമിക്കാം’ എന്നാണ് പ്രോബാസ് അർത്ഥമാക്കുന്നത്. ലാറ്റിൻ വാക്ക് പോലെ നാം ശ്രമിച്ചു, വിജയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽ നിന്ന് ഇസ്രോയുടെ പിഎസ്എൽവി സി- 59 റോക്കറ്റ് കുതിച്ചുയർന്നപ്പോൾ ഭാരതീയരുടെ അഭിമാനം ആകാശത്തോളം ഉയർന്നു.
സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണ പാളിയെ കുറിച്ച് പഠിക്കുകയാണ് പ്രോബ 3 ദൗത്യം ലക്ഷ്യമിടുന്നത്. കൊറോണാഗ്രാഫ്, ഒക്യുൽറ്റർ എന്നീ രണ്ട് ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി സി- 59 റോക്കറ്റ് കുതിച്ചത്. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെ കുറിച്ച് പഠിക്കുന്ന വിധത്തിലാണ് ദൗത്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 550 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം.
ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം വരുന്ന രീതിയിൽ മുഖാമുഖമായി ഉപഗ്രഹങ്ങൾ സഞ്ചരിക്കും. ഇതിനായി 150 മീറ്റർ അകലം പാലിച്ചുകൊണ്ടാണ് ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്. ഒരു ഉപഗ്രഹം മറ്റൊരു ഉപഗ്രഹത്തിൽ നിഴൽ വീഴ്‌ത്തുന്നതോടെ സൂര്യഗ്രഹണം ദൃശ്യമാകും. തുടർന്ന് നടത്തുന്ന പഠനം സൂര്യനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭ്യമാകാൻ സഹായിക്കുന്നു.
ഏറ്റവും ഉയരത്തിൽ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലായിരിക്കും ഇവയെ സ്ഥാപിക്കുക. ഭ്രമണപഥത്തിന്റെ കുറഞ്ഞദൂരം 600 കിലോമീറ്ററും കൂടിയ ദൂരം 60,000 കിലോമീറ്ററുമാണ്. 1000 കിലോമീറ്റർ ഉയരത്തിലായിരിക്കും ഉപഗ്രഹങ്ങളെ ആദ്യ ഘട്ടത്തിൽ എത്തിക്കുക. രണ്ട് വർഷമാണ് ഇതിന്റെ കാലാവധി കണക്കാക്കുന്നത്.
ഐഎസ്ആർഒയുടെ കൊമേഴ്സ്യൽ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നാണ് പ്രോബ -3 ദൗത്യം നയിച്ചത്. പിഎസ്എൽവി സി 59 -ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായതായി ഇസ്രോ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. പ്രോബ- 3 ബഹിരാകാശ മേഖലയുടെ വളർച്ചയ്‌ക്ക് വേണ്ടി മാത്രമല്ല, ബഹിരാകാശ ശാസ്ത്രജ്ഞരാകാൻ ആഗ്രഹിക്കുന്നവർക്കും ശാസ്ത്രലോകത്തോട് താത്പര്യമുള്ളവർക്കും പ്രചോദനകരമാണ്.