തിരുവനന്തപുരം: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറുടെ മുന്നിലാണ് ഹാജരായത്. സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. ഇത് മൂന്നാം തവണയാണ് സിദ്ദിഖ് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നത്.
സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. വിചാരണ കോടയിലെത്തി ജാമ്യം തേടണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ വിചാരണ കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. പാസ്പോർട്ട് വിചാരണ കോടതിക്ക് കൈമാറണമെന്നും ജാമ്യവ്യവസ്ഥയിൽ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പരാതിക്കാരി ഡബ്ല്യൂസിസി അംഗമാണെന്നും സംഘടനകൾ തമ്മിലുള്ള തർക്കത്തിന് ശേഷമാണ് പരാതിക്കാരി പീഡനാരോപണം ഉന്നയിച്ചതെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചാൽ പരാതിക്കാരി കേസിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്ന് വാദിഭാഗം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ മുൻകൂർ ജാമ്യം അനുവദിക്കുന്നതിൽ നിന്ന് കോടതിയെ പിന്തിരിപ്പിക്കാൻ ഈ വാദത്തിന് സാധിച്ചിരുന്നില്ല.