ന്യൂഡൽഹി: കോൺഗ്രസ് എംപിയും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ് വിയുടെ രാജ്യസഭയിലെ ഇരിപ്പിടത്തിൽ നിന്നും പണം കണ്ടെത്തിയതായി രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ. പതിവ് പരിശോധനകൾക്കിടയിലാണ് ഇത് കണ്ടെത്തിയതെന്നും തുടരന്വേഷണത്തിനായി കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.
തെലങ്കാനയിൽ നിന്നുളള രാജ്യസഭാംഗമാണ് മനു അഭിഷേക് സിംഗ്‌വി. രാജ്യസഭയിലെ 222 ാം നമ്പർ സീറ്റാണ് മനു അഭിഷേക് സിംഗ്‌വിക്ക് അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെ സഭാ നടപടികൾ നീട്ടിവെച്ചതിനിടെ ആയിരുന്നു സംഭവം. വിഷയം തന്റെ ശ്രദ്ധയിൽപെട്ടപ്പോൾ അന്വേഷണത്തിനായി കൈമാറുകയായിരുന്നുവെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ കൂടിയായ ജഗ്ദീപ് ധൻകർ വിശദീകരിച്ചു.
സംഭവത്തെക്കുറിച്ച് ഒരറിവുമില്ലെന്നാണ് മനു അഭിഷേക് സിംഗ് വിയുടെ ആദ്യ പ്രതികരണം. രാജ്യസഭയിലേക്ക് പോകുമ്പോൾ 500 രൂപയുടെ ഒരു നോട്ട് മാത്രമാണ് താൻ കൈയ്യിൽ കരുതാറുളളതെന്നും ഇതാദ്യമായിട്ടാണ് ഇങ്ങനൊരു കാര്യം കേൾക്കുന്നതെന്നുമായിരുന്നു മനു അഭിഷേക് സിംഗ് വിയുടെ മറുപടി. സെഷൻ അവസാനിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് വരെ താൻ ചേമ്പറിൽ ഉണ്ടായിരുന്നുവെന്നും മനു അഭിഷേക് സിംഗ് വി പറഞ്ഞു.
12.57 ന് താൻ സഭയിലെത്തി. എന്നാൽ ഒരു മണിയോടെ സഭാ നടപടികൾ നീട്ടിവെച്ചു. 1.30 വരെ താൻ കാന്റീനിൽ തുടർന്നു. അതിന് ശേഷമാണ് പാർലമെന്റ് വിട്ടതെന്നും മനു അഭിഷേക് സിംഗ് വി പറഞ്ഞു.















