മലപ്പുറം: എത്ര കടുപ്പമുള്ള കണക്കുകളും മനകണക്കിലൂടെ കണ്ടെത്തി, റെക്കോർഡുകൾ സ്വന്തമാക്കി അഞ്ച് വയസുകാരൻ. അങ്ങാടിപ്പുറം എരവിമംഗലം സ്വദേശികളായ വിഷ്ണു- ആതിര ദമ്പതികളുടെ മകൻ സിദ്ധന്ത് വിഷ്ണുവാണ് പിഴക്കാത്ത മനക്കണക്കിലൂടെ ഏവർക്കും കൗതുകമാവുന്നത്. അഞ്ച് വയസിനുള്ളിൽ തന്നെ എലൈറ്റ് ബുക്ക് ഓഫ് റെക്കോർഡ്സും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും ഈ കൊച്ചുമിടുക്കൻ സ്വന്തമാക്കിയിട്ടുണ്ട്.
എത്ര കടുപ്പമുള്ള കണക്കുകൾക്കും സിദ്ധന്ത് ഞൊടിയിടയിൽ ഉത്തരം പറയും.
ഓർമശക്തിക്കും മനക്കണക്കിലെ വൈഭവത്തിനുമാണ് എലൈറ്റ് ബുക്ക് ഓഫ് റെക്കോർഡ്സും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും സിദ്ധന്തിനെ തേടിയെത്തിയത്. വലിയ സംഖ്യകൾ കൂട്ടുന്നതും കുറക്കുന്നതുമൊക്കെ ഞൊടിയിടയിലാണ്.
രണ്ടര വയസ് മുതലാണ് സിദ്ധന്തിന്റെ കഴിവ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞത്. മറ്റ് കളികളേക്കാൾ കണക്ക് ചെയ്യാനും പഠിക്കാനുമൊക്കെയാണ് സിദ്ധന്തിന് താത്പര്യം. അങ്ങാടിപ്പുറം ശ്രീ വള്ളുവനാട് വിദ്യാഭവൻ സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ് സിദ്ധന്ത്. അമ്മയും ഇതേ സ്കുളിൽ തന്നെയാണ് ജോലി ചെയ്യുന്നത്. കണക്കിനൊപ്പം തന്നെ പസിൽസ് കളിക്കാനും ചെസ് കളിക്കാനുമൊക്കെ സിദ്ധന്തിന് ഏറെ ഇഷ്ടമാണ്.
രണ്ടര വയസിലാണ് കുഞ്ഞിന് ഇങ്ങനെയൊരു കഴിവുണ്ടെന്ന് മനസിലാക്കിയതെന്നും പിന്നീട് ഇതിനെ കൂടുതൽ വളർത്തികൊണ്ടുവന്നുവെന്നും സിദ്ധന്തിന്റെ അമ്മ ആതിര പ്രതികരിച്ചു. സ്കൂളിൽ എത്തിയപ്പോഴാണ് വലിയ കണക്കുകളും നമ്പറുകളൊക്കെ പഠിക്കാൻ തുടങ്ങിയത്. രണ്ടര വയസ് മുതൽ നിറങ്ങളും കൃതൃമായി പറയുമായിരുന്നെന്നും അമ്മ പറഞ്ഞു.















