ഏറെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദേനി ചിത്രമാണ് മാർക്കോ. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന സിനിമയ്‌ക്ക് ഇതാ എ സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വയലൻസുള്ള ചിത്രമെന്ന വിശേഷണം മാർക്കോ തൂക്കുമെന്നാണ് റിപ്പോർട്ടുകൾ.
‘മിഖായേൽ’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രമാണ് മാർക്കോയിൽ എത്തുന്നത്. മാർക്കോയുടെ പോസ്റ്ററുകളും ടീസറും പാട്ടുമെല്ലാം കണ്ട് ഇതിനോടകം പ്രേക്ഷകർ ഞെട്ടിയിരുന്നു. ചോരയിൽ കുളിച്ച് നിൽക്കുന്ന കഥാപാത്രങ്ങളും, വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത വയലൻസും ടീസറിലും പോസ്റ്റിലും ചിത്രീകരിച്ചിരുന്നതിനാൽ സിനിമയുടെ റേഞ്ച് പ്രേക്ഷകർക്ക് വ്യക്തമായി കഴിഞ്ഞു.
ആക്ഷൻ രംഗങ്ങൾക്ക് അതീവ പ്രാധാന്യമുള്ള ചിത്രമാകും മാർക്കോ. പ്രശസ്ത ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സണാണ് ആക്ഷൻ കോറിയോഗ്രാഫർ. അതുകൊണ്ടുതന്നെ ഫൈറ്റും വയലൻസും വേണ്ടുവോളം ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് അണിയറപ്രവർത്തകർ പങ്കുവെക്കുന്ന വിവരം.
‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂരാണ് സിനിമയ്‌ക്ക് സംഗീതം നൽകിയിരിക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ആദ്യ നിർമ്മാണ ചിത്രമായ മാർക്കോ ഡിസംബർ 20നാണ് തിയറ്ററുകളിലെത്തുക.