തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി വീട്ടമ്മ. റൂട്ട്കനാൽ ചികിത്സക്കിടെ സൂചിയൊടിഞ്ഞ് പല്ലിൽ കയറിയെന്നാണ് പരാതി. നന്ദിയോട് സ്വദേശിനിയായ ശിൽപയാണ് ആശുപത്രിക്കെതിരെ പരാതി നൽകിയത്. ജില്ലാ ആശുപത്രി സൂപ്രണ്ടിനാണ് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ശിൽപ പല്ലുവേദനയെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. മാർച്ച് 29-നായിരുന്നു റൂട്ട്കനാൽ ചികിത്സ നടന്നത്. അസഹനീയമായ പല്ലുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പല്ലിനുള്ളിൽ സൂചി ഒടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്.
റൂട്ട്കനാൽ ചെയ്യുന്നതിന് മുമ്പ് സൂചി പോലുള്ള ഒരു ഉപകരണം ഉപയോഗിച്ച് കേടായ പല്ല് നീക്കം ചെയ്യും. ഇത് ചെയ്യുന്നതിനിടയിലാണ് സൂചിയൊടിഞ്ഞ് വീട്ടമ്മയുടെ പല്ലുകൾക്കുള്ളിൽ കുടുങ്ങിയത്. എന്നാൽ ചികിത്സിച്ച ഡോക്ടർക്ക് പിഴവ് തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം. പിന്നീട് പല്ല് വേദനയെ തുടർന്ന് നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അവിടെ അത് ചെയ്യാൻ സാധിക്കില്ലെന്നും മെഡിക്കൽ കോളേജിൽ പോകണമെന്നും അധികൃതർ അറിയിച്ചിരുന്നു.
എന്നാൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയെങ്കിലും തിരികെ നെടുമങ്ങാട് ആശുപത്രിയിലേക്ക് തിരിച്ചയയ്‌ക്കുകയായിരുന്നു. വീണ്ടും വേദന കൂടിയപ്പോഴാണ് വീട്ടമ്മ പരാതിയുമായി ആശുപത്രി സൂപ്രണ്ടിനെ സന്ദർശിച്ചത്. ഇത് സംബന്ധിച്ച് ഡെന്റൽ സർജനോട് ആശുപത്രി അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്.
കേസുമായി മുന്നോട്ട് പോകുമെന്ന് ശിൽപ അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാനുള്ള സാമ്പത്തികശേഷി ഇല്ലെന്നും സർക്കാർ ഇക്കാര്യത്തിൽ സഹായിക്കണമെന്നുമാണ് ശിൽപ പറയുന്നത്.















