ന്യൂഡൽഹി: ആന്റിബയോട്ടിക് പ്രതിരോധത്തിനെതിരെ പോരാടാൻ ആധുനിക ഔഷധ ഫോർമുല കണ്ടെത്തി ഭാരതം. ബാക്ടീരിയൽ ന്യൂമോണിയ ചികിത്സയിൽ 8 ഇരട്ടി കാര്യക്ഷമമായ മരുന്നാണ് പുതിയ ഫോർമുലേഷനിലൂടെ തയ്യാറാക്കിയത്. ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്റെ (BIRAC) പിന്തുണയോടെ ‘നഫിത്രോമൈസിൻ’ (Nafithromycin) എന്ന പുതിയ ആന്റിബയോട്ടിക് മരുന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കമ്മ്യുണിറ്റി അക്വയേഡ് ബാക്ടീരിയൽ ന്യൂമോണിയക്ക് (CABP) ഏറെ പ്രയോജനകരമാണ് പുതിയ മരുന്ന് ഫോർമുലേഷനായ നഫിത്രോമൈസിൻ. അമേരിക്കയിലും ഇന്ത്യയിലും യൂറോപ്പിലുമായി 500 കോടി രൂപ ചെലവഴിച്ച് 14 വർഷത്തെ ക്ലിനിക്കൽ പരിശോധന പൂർത്തിയാക്കിയാണ് മരുന്ന് പുറത്തിറക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
മരുന്നിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) അനുമതി ലഭിക്കുന്ന മുറയ്‌ക്ക് വിപണനം ആരംഭിക്കും. സാധാരണ ആന്റിബയോട്ടിക്കുകളെ അപേക്ഷിച്ച് ചികിത്സ ദൈർഘ്യവും പുതിയ മരുന്നിന് കുറവാണ്. മൂന്നു ദിവസത്തെ ചികിത്സ കാലയളവിൽ കൃത്യമായ ഫലം നഫിത്രോമൈസിൻ ഉറപ്പാക്കും. 96.7 ശതമാനമാണ് നഫിത്രോമൈസിന്റ രോഗശമനശേഷി നിരക്ക്. ആയുഷ്മാൻ ഭാരത് സ്കീമിലും നഫിത്രോമൈസിൻ ഉൾപ്പെടുത്തി വിതരണം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചന നടത്തുന്നുണ്ട്.