കൊൽക്കത്ത: പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആവശ്യപ്പെടുകയാണെങ്കിൽ സഖ്യത്തിന്റെ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്നും മമത പറയുന്നു. ബംഗാൾ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് തന്നെ ഇൻഡി മുന്നണിയെ നയിക്കാമെന്നും, രണ്ട് ഉത്തരവാദിത്വങ്ങളും മികച്ച രീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവ് തനിക്കുണ്ടെന്നുമാണ് മമത അവകാശപ്പെട്ടത്.
ഒരു ബംഗാളി മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമതയുടെ പ്രതികരണം. ” ഇൻഡി മുന്നണി രൂപീകരിക്കാൻ നേതൃത്വം നൽകിയത് ഞാനാണ്. ഇപ്പോൾ അതിന്റെ നേതൃസ്ഥാനം മറ്റുള്ളവരുടെ കയ്യിലാണ്. അവർക്ക് അത് നന്നായി കൊണ്ടുപോകാനാകുന്നില്ല. അവരുടെ പ്രവർത്തനരീതികൾ മോശമാണ്. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ആവശ്യപ്പെടുകയാണെങ്കിൽ ഞാൻ അതിന്റെ നേതൃസ്ഥാനത്തേക്ക് വരും. അത് നല്ല രീതിയിൽ പ്രവർത്തിപ്പിക്കാനാകുമെന്ന് ഉറപ്പാക്കാനാകും. പക്ഷേ ബംഗാളിന് പുറത്തേക്ക് ഞാൻ പോകില്ല. ഇവിടെ നിന്ന് എനിക്ക് അതിന്റെ എല്ലാ പ്രവർത്തനങ്ങളും നടത്താൻ സാധിക്കുമെന്നും” മമത ബാനർജി പറയുന്നു.
ഇൻഡി മുന്നണി അവരുടെ അഹങ്കാരം മാറ്റിവച്ച് സഖ്യത്തിന്റെ നേതാവായി മമത ബാനർജിയെ അംഗീകരിക്കണമെന്ന് തൃണമൂൽ എംപി കല്യാൺ ബാനർജി കഴിഞ്ഞ ദിവസം ആവശ്യം ഉന്നയിച്ചിരുന്നു. കോൺഗ്രസിന്റെ പ്രവർത്തനശൈലിക്കെതിരെയും കല്യാൺ ബാനർജി വിമർശനം ഉന്നയിച്ചിരുന്നു. സഖ്യത്തിനുള്ളിൽ ഒരു കാര്യത്തിനും ഏകോപനം നടപ്പാക്കാൻ സാധിക്കുന്നില്ലെന്നും അഭിപ്രായവ്യത്യാസം രൂക്ഷമാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഇരുപതിലധികം പ്രതിപക്ഷ പാർട്ടികളാണ് ഇൻഡി മുന്നണിയുടെ ഭാഗമായിട്ടുള്ളത്. മഹാരാഷ്‌ട്രയിലും മോശം പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയാണ് വിവിധ കക്ഷിനേതാക്കൾ കോൺഗ്രസിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.















