ലക്നൗ: 115 വർഷം പഴക്കമുള്ള വാരാണസിയിലെ ഉദയ് പ്രതാപ് കോളേജ് വളപ്പിലെ മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് അണിനിരന്ന് നൂറുക്കണക്കിന് വിദ്യാർത്ഥികൾ. മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 500-ഓളം വിദ്യാർത്ഥികൾ ജയ് ശ്രീറാം മുഴക്കിയാണ് കോളേജ് ഗേറ്റിന് മുൻപിൽ ഒത്തുകൂടിയത്. എന്നാൽ പൊലീസ് വിദ്യാർത്ഥികളെ അകത്തേക്ക് കടത്തിവിടാതിരുന്നത് പ്രതിഷേധത്തിന് കാരണമായി.
പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ കോളേജിലേക്ക് കയറാൻ ശ്രമം നടത്തിയെന്നും അത് തടയുകയാണുണ്ടായതെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. കോളേജിന് ചുറ്റും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജിൽ ഹനുമാൻ ചാലിസ പാരായണം ചെയ്തതെന്ന് ആരോപിച്ച് പ്രതിഷേധം അരങ്ങേറി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവവികാസം. മസ്ജിദിൽ നമസ് അർപ്പിക്കാൻ കഴിയുമെങ്കിൽ ഹനുമാൻ ചാലിസ പരായണത്തിനും അനുവാദമുണ്ടാകണമെന്ന് പൂർവ വിദ്യാർത്ഥിയും യൂണിയൻ നേതാവുമായ വിവേകാനന്ദ് സിംഗ് ആവശ്യപ്പെട്ടു.
വഖ്ഫിന്റെ കഴുകൻ കണ്ണുകൾ ഉദയ് പ്രതാപ് കോളേജിനെയും വളഞ്ഞിട്ടുണ്ട്. 115 വർഷം പഴക്കമുള്ള കോളേജിലെ മസ്ജിദും സമീപ പ്രദേശങ്ങളും വഖ്ഫിൻ്റേതാണെന്നാണ് അവകാശവാദം. 2018-ലാണ് ഇത് സംബന്ധിച്ച് സുന്നി സെൻട്രൽ വഖ്ഫ് ബോർഡ് കോളേജിന് നോട്ടീസ് നൽകിയത്. എന്നാൽ ഇത് 2021-ൽ റദ്ദാക്കുകയും ചെയ്തു. വഖ്ഫ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്നും കോളേജ് അനധികൃതമായി നിർമിച്ചതാണെന്നുമാണ് വഖ്ഫ് ബോർഡിന്റെ അവകാശവാദം. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
കോളേജിന്റെ സ്വത്ത് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അത് വാങ്ങാനും വിൽക്കാനും കഴിയില്ലെന്നും ചൂണ്ടിക്കാട്ടി അന്നത്തെ കോളേജ് സെക്രട്ടറി നോട്ടീസിന് മറുപടി നൽകിയിരുന്നുവെന്ന് കോളേജ് പ്രിൻസിപ്പൽ ഡികെ സിംഗ് പറഞ്ഞു.100 ഏക്കറിലേറെയായി വ്യാപിച്ച് കിടക്കുന്ന കോളേജിൽ 17,000-ത്തിലധികം പേരാണ് പഠിക്കുന്നത്.