ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐ.എൻ.എസ്. തുശീൽ ഡിസംബർ 9 തിങ്കളാഴ്ച റഷ്യയിലെ കലിനിൻഗ്രാഡിൽ കമ്മീഷൻ ചെയ്യുന്നു.മൾട്ടി-റോൾ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റായ ഐഎൻഎസ് തുശീൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മിഷൻ ചെയ്യും. 2016-ൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാർ പ്രകാരം നിർമ്മിക്കുന്ന രണ്ട് അധിക ഫ്രിഗേറ്റുകളിൽ ആദ്യത്തേതാണ് ഇത്.റഷ്യയിൽനിന്ന് ഇന്ത്യ നേരിട്ടുവാങ്ങുന്ന ക്രിവാക് 3 ശ്രേണിയിലുള്ള ഏഴാമത് യുദ്ധക്കപ്പലാണിത്.
ഇന്ത്യൻ കമ്പനികളായ ബ്രഹ്മോസ് എയ്‌റോസ്‌പേസ്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, നോവ ഇൻ്റഗ്രേറ്റഡ് സിസ്റ്റംസ് എന്നിവയും കപ്പലിന്റെ നിർമ്മാണനത്തിന് സംഭാവന നൽകിയിട്ടുണ്ട്.
“സംരക്ഷക കവചം” എന്നർഥമുള്ള തുശീൽ എന്ന് പേരിട്ടിരിക്കുന്ന കപ്പലിന്റെ മുദ്രാവാക്യം “നിർഭയ്, അഭേദ്യ ഔർ ബൽശീൽ” എന്നതാണ്. കമ്മീഷൻ ചെയ്യുന്നതോടെ ഐഎൻഎസ് തുശീൽ വെസ്റ്റേൺ നേവൽ കമാൻഡിന് കീഴിലുള്ള വെസ്റ്റേൺ ഫ്ലീറ്റിന്റെ ഭാഗമാകും.
സെയ്‌ന്റ് പീറ്റേഴ്സ്ബർഗിലെ ബാൾട്ടിസ്‌കി കപ്പൽശാലയിൽ നിർമിച്ച മൂന്ന് തൽവാർ ക്ലാസ് കപ്പലുകളും കലിനിൻഗ്രാഡിലെ യന്തർ കപ്പൽശാലയിൽ നിർമിച്ച മൂന്ന് ടെഗ് ക്ലാസ് കപ്പലുകളും നിലവിൽ സേനയുടെ ഭാഗമാണ്.