ഏകാദശിക്കൊരുങ്ങി ഗുരുവായൂർ. ബുധനാഴ്ചയാണ് ഏകാദശി. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ സജ്ജമാക്കി. ദർശനത്തിനായുള്ള വരി ഇത്തവണ പൂന്താനം ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിക്കും. പ്രസാദ ഊട്ട് കഴിക്കാനും വരി നിൽക്കാനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയവും പടിഞ്ഞാറേനടയിലെ അന്നലക്ഷ്മി ഹാളുമാണ് ഊട്ടുശാല. പ്രസാദ് ഊട്ടിന് കുപ്പിവെള്ളം ഉണ്ടാകില്ല, പകരം സ്റ്റീൽ ഗ്ലാസിലാകും വെള്ളം നൽകുക. ദർശനത്തിന് വരിയിൽ നിൽക്കുന്നവർക്കും സ്റ്റീൽ ഗ്ലാസുകളിൽ വെള്ളം നൽകും. കുടിവെള്ളം നൽകാൻ ക്ഷേത്ര പരിസരത്ത് ഒൻപത് കൗണ്ടറുകളുണ്ടാകും. ക്ഷേത്രക്കുളത്തിന് കിഴക്കുള്ള പൂതേരി ബംഗ്ലാവ് അങ്കണത്തിലും തെക്കേനടയിലെ ബഹുനില പാർക്കിംഗ് സമുച്ചയത്തിലുമായി 20-ഓളം ഇ-ടോയ്ലെറ്റുകൾ സജ്ജീകരിക്കുന്നുണ്ട്.
ഏകാദശി ദിവസം രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് രണ്ടുവരെ വിഐപി ദർശനമുണ്ടാകില്ല. വരിയിൽ നിന്ന് തൊഴുന്നവർക്കായിരിക്കും പരിഗണനയെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചിട്ടുണ്ട്. പ്രത്യേകദർശനവും ഉണ്ടായിരിക്കില്ല. എന്നാൽ നെയ്വിളക്ക് ശീട്ടാക്കുന്നവർക്ക് ഇത് ബാധകമായിരിക്കില്ല. പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയന പ്രദക്ഷിണം, ചോറൂണ് കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവ ഉണ്ടാകില്ല.
പ്രാദേശികർക്കും മുതിർന്ന പൗരന്മാർക്കുമുള്ള വരികൾ രാവിലെ അഞ്ചിന് അവസാനിക്കും. ചെവ്വാഴ്ച രാവിലെ നട തുറന്നാൽ ഏകാദശിയും ഴിഞ്ഞ് പിറ്റേന്ന് ദ്വാദശി ദിവസം രാവിലെ വരെ തുടർച്ചയായ 54 മണിക്കൂർ ദർശനം ലഭിക്കും.















