എറണാകുളം: ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയതിനെതിരെ തന്ത്രി കുടുംബാംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മാറ്റാനുള്ള ദേവസ്വം ബോർഡിന്റെ നടപടി ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതി ഇന്ന് വിധി പറയുന്നത്. തിരക്ക് കണക്കിലെടുത്തും ശ്രീകോവിൽ അടച്ചിടാതെ ദർശനം സുഗമമാക്കാനുമാണ് ഏകാദശി ഉദയാസ്തമന പൂജ നവംബർ 12-ന് നടത്തിയതെന്നാണ് ഗുരുവായൂർ ദേവസ്വത്തിന്റെ വാദം.
തന്ത്രി കുടുംബത്തിന്റെ ഹർജിയിൽ ഇന്നലെ വിധി പറയാനിരുന്നതാണെങ്കിലും പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിധി പറയുന്നത്. ഉദയാസ്തമന പൂജ വഴിപാട് മാത്രമാണെന്നും ആചാരമല്ലെന്നും തന്ത്രി അഭിപ്രായപ്പെട്ടിരുന്നെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ആദിശങ്കരന്റെ നിർദേശാനുസരണമാണ് ഗുരുവായൂരിൽ ഉദയാസ്തമന പൂജ ആരംഭിച്ചതെന്നും ചിറളയം കോവിലകമാണ് ഉദയാസ്തമന പൂജ ഏറ്റെടുത്ത് നടത്തിയതെന്നും ഹർജിക്കാർ പറയുന്നു. ഉത്സവം ആചാരപ്രകാരം തുടരണമെന്നാണ് 2015 -ലെ അഷ്ടമംഗല ദേവപ്രശ്നത്തിൽ കണ്ടത്. ഉത്സവ പൂജാരീതികളിൽ മാറ്റം വരുത്തിയാൽ ദേവചൈതന്യം കുറയുമെന്നും ഹർജിക്കാർ ഹൈക്കോടതിയിൽ വാദമുന്നയിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിലാണ് ഗുരുവായൂർ ഏകാദശി. കാലങ്ങളായി അന്നേ ദിവസമാണ് ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ നടക്കുന്നത്. ശ്രീശങ്കരാചാര്യർ ചിട്ടപ്പെടുത്തിയ പൂജാവിധി പ്രകാരമാണ് പൂജ നടക്കുക. പൂജയ്‌ക്കായി അഞ്ച് തവണ നട അടയ്‌ക്കേണ്ടതായി വരുന്നുവെന്നും ഇത് ഭക്തജനത്തിരക്കിന് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വം തീരുമാനിച്ചത്.