മഹാകുഭമേളയ്‌ക്കൊരുങ്ങി ഇന്ത്യൻ റെയിൽവേയും. പ്രയാഗ്‌രാജിനും വരാണാസിക്കുമിടയിൽ ഹൈ സ്പീഡ് ട്രെയിനുകൾ അവതരിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാകും ട്രെയിനുകൾ ഓടുക. 2019-ൽ നിർമാണം ആരംഭിച്ച ഗംഗാ റെയിൽപ്പാലം കുഭമേളയ്‌ക്ക് മുന്നോടിയായി തുറന്നു നൽകും.
ഗംഗാ പാലത്തിന് പുറമേ സിഎംപി ഡിഗ്രി കോളേജ് റെയിൽ മേൽപ്പാലവും ജുസി-റാംബാഗ് ഡബിൾ ട്രാക്ക് ലിങ്കും പൂർത്തിയായി. പ്രതിദിനം 200 ട്രെയിനുകളെ കടന്നുപോകാൻ അനുവദിക്കും. ഡൽഹി-കൊൽക്കത്ത, ഹൗറ, പ്രയാഗ്‌രാജ്-കൊൽക്കത്ത, പ്രയാഗ്‌രാജ്-ഗോരഖ്പൂർ, പ്രയാഗ്‌രാജ്-പട്‌ന റൂട്ടുകളിലെ റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. നാളെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അവലോകനം നടത്തും. 13-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗംഗാ റെയിൽപ്പാലത്തിന്റെയും പ്രയാഗ്‌രാജ്-വാരണാസി റെയിൽ പാതയും ഉദ്ഘാടനം ചെയ്യും.
12 വർഷത്തിലൊരിക്കലാണ് മഹാകുഭമേള സംഘടിപ്പിക്കുന്നത്. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരുടെ ഏറ്റവും വലിയ ആഘോഷമാണിത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഭക്തരാണ് പ്രയാഗ്രാജിലേക്ക് കുഭമേളയ്‌ക്കായി ഒഴുകിയെത്തുന്നത്. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള നടക്കുക.