കോയമ്പത്തൂർ: കാർ ലോണിന്റെ കുടിശ്ശിക പിരിക്കാനായി വീട്ടിലെത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജൻ്റിനെ ആക്രമിക്കാൻ വളർത്തുനായയെ അയച്ചു. കോയമ്പത്തൂരിലാണ് സംഭവം. കാലുകളിലും വയറിലും പലതവണ കടിയേറ്റ ഏജന്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. ഏജൻ്റിനെ കടിക്കാൻ വളർത്തുനായയോട് ആജ്ഞാപിച്ച 29 കാരിയായ യുവതിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തു.
വെള്ളല്ലൂർ മഹാഗണപതി നഗറിലെ ആറാം ക്രോസ് സ്ട്രീറ്റിൽ ഭർത്താവ് മണികണ്ഠനൊപ്പം താമസിക്കുന്ന പ്രിയ എന്ന ദർശനയാണ് യുവതി എന്ന് തിരിച്ചറിഞ്ഞു. നേരത്തെ രണ്ട് തട്ടിപ്പ് കേസുകളിൽ അറസ്റ്റിലായ ഇവർ നിലവിൽ ജാമ്യത്തിലാണെന്നും പോലീസ് പറഞ്ഞു. ഈ ദമ്പതികൾ2020 ൽ ഒരു സ്വകാര്യ ഫിനാൻസ് കമ്പനിയിൽ നിന്ന് വായ്പ എടുത്ത ശേഷം ഒരു എസ്‌യുവി വാങ്ങി. അവർ കുറച്ച് മാസത്തേക്ക് EMI അടച്ചു എങ്കിലും പിന്നീട് മുടങ്ങി.
ലോൺ നൽകിയ ധനകാര്യ സ്ഥാപനത്തിന് വേണ്ടി കിട്ടാക്കടം പിരിക്കുന്ന ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാർ നിരവധി തവണ സന്ദർശനം നടത്തിയിട്ടും ദമ്പതികൾ പണം നൽകിയില്ല എന്ന് പറയപ്പെടുന്നു. ബുധനാഴ്ച കളക്ഷൻ ഏജൻ്റ് ജഗദീഷും സഹപ്രവർത്തകനായ സുരേഷും ഫിനാൻസ് സ്ഥാപനത്തിന്റെ ഏരിയ മാനേജർ ശരവണനും ദർശനയുടെ വസതിയിൽ എത്തിചേർന്നു. അതിനിടെ ദർശനയുടെ ഭർത്താവ് മണികണ്ഠൻ കാറുമായി കടന്നുകളയാൻ ശ്രമിച്ചു എന്നാണ് ആരോപണം. ഇത് ശ്രദ്ധയിൽപ്പെട്ട പിരിക്കാൻ എത്തിയ മൂന്ന് പേരും വഴി തടയുകയും നിയമ നടപടികളുമായി സഹകരിക്കാൻ ദമ്പതികളോട് പറയുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു.
ഇത് കണ്ട ദർശന മൂന്ന് പേരെയും ഓടിച്ചിട്ട് കടിക്കാൻ തന്റെ ജർമ്മൻ ഷെപ്പേർഡിനോട് ആജ്ഞാപിച്ചു. മറ്റ് രണ്ട് ജീവനക്കാർ ഓടി രക്ഷപ്പെട്ടപ്പോൾ ജഗദീഷിനെ നായ പിടികൂടി ക്രൂരമായി കടിച്ചു. അയാളെ കടിച്ചു കീറിയപ്പോൾ ദർശന ഇടപെട്ട് തന്റെ നായയെ തടഞ്ഞില്ലെന്നാണ് ആരോപണം. ജഗദീഷിന്റെ കാലുകളിലും വയറിലും പത്തിടങ്ങളിൽ കടിയേറ്റു. നാട്ടുകാർ ഇയാളെ രക്ഷപ്പെടുത്തി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജഗദീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോത്തനൂർ പോലീസ് ദർശനയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. . ബുധനാഴ്ച രാത്രി യുവതിയെ റിമാൻഡ് ചെയ്തു.















