എറണാകുളം: ശബരിമലയിൽ നടൻ ദിലീപ് വിഐപി പരിഗണനയോടെ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി. ശബരിമലയിൽ വിഐപി ദർശനം അനുവദിക്കാനാകില്ലെന്നും ഇക്കാര്യം ദേവസ്വം ബോർഡ് പ്രത്യേകം ശ്രദ്ധിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ദിലീപ് ദർശനം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി പരിശോധിച്ചു. പൊലീസ് ചീഫ് കോർഡിനേറ്റർ ഹാജരാക്കിയ, സോപാനത്തിന് മുന്നിലെ ദൃശ്യങ്ങളാണ് കോടതി പരിശോധിച്ചത്. ഹരിവരാസനം പാടുന്ന സമയത്ത് ദിലീപ് എത്ര സമയം സോപാനത്തിന് മുന്നിൽ നിന്നുവെന്നും ഹൈക്കോടതി ചോദിച്ചു. വിഐപി പരിഗണനയോടെ ദിലീപ് സോപാനത്തിന് മുന്നിൽ നിന്നത് മറ്റ് ഭക്തർക്ക് കാലതാമസമുണ്ടാക്കിയതായി കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണ്. സോപാനത്തിന് മുന്നിൽ ഭക്തരുടെ ദർശനത്തിന് കാലതാമസം ഉണ്ടാകരുത്. കുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്കാണ് പ്രത്യേകം പരിഗണന നൽകേണ്ടതെന്നും ഹൈക്കോടതി നിർദേശിച്ചു.
പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് ദർശനത്തിന് എത്തിയതെന്ന് വിശദീകരിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് എസ് മുരളീകൃഷ്ണനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.