തിരുവനന്തപുരം: വയനാട് പുനരധിവാസ പാക്കേജ് വൈകാൻ കാരണം സംസ്ഥാന സർക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇക്കാര്യത്തിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. വയനാട് ദുരന്തത്തിൽ വരവുചെലവ് കണക്കുകൾ കാണിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറായില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
” വയനാട്ടിൽ ഹർത്താൽ നടത്തിയ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ ജനങ്ങളോട് മാപ്പ് പറയണം. മോദി സർക്കാരിനെ കുറ്റം പറയുക എന്ന ലക്ഷ്യത്തോടെ വസ്തുതകൾ മനസിലാക്കിയോ, മനസിലാക്കാതയോ ആണ് സിപിഎമ്മിനൊപ്പം യുഡിഎഫും ചേർന്നത്.
മോദി സർക്കാരിന്റെ പ്രതിഛായ തകർക്കാനുള്ള ശ്രമത്തിന് ഇപ്പോൾ ഹൈക്കോടതി കൃത്യമായി വിമർശിച്ചിരിക്കുന്നു. സംസ്ഥാന സർക്കാർ കണക്കുകൾ കാണിക്കുന്നില്ലെന്ന് ബിജെപി മുൻപും പറഞ്ഞിട്ടുള്ളതാണ്. കൃത്യമായ മെമ്മോറാണ്ടം നൽകാനും സംസ്ഥാന സർക്കാർ തയ്യാറായില്ല.”- കെ സുരേന്ദ്രൻ പറഞ്ഞു.
ദുരിതാശ്വാസനിധിയിൽ നിന്നും പണം ചെലവഴിക്കാൻ എന്തുകൊണ്ട് സർക്കാർ തയ്യാറാവുന്നില്ല. എന്തായിരുന്നു മന്ത്രിസഭ ഉപസമിതി ഇത്രയും കാലം ചെയ്തത്? ഇത്തരം ചോദ്യങ്ങൾക്കൊക്കെ പിണറായി സർക്കാർ ജനങ്ങളോട് മറുപടി പറയണമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വയനാട് പുരധിവാസവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് കാണിക്കണമെന്നും സംസ്ഥാന സർക്കാർ ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ഓഡിറ്റിംഗ് പോലും കൃത്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.