പാലക്കാട്: ബിജെപി വിട്ട സന്ദീപ് വാര്യരെ കെപിസിസി ജനറൽ സെക്രട്ടറി ആക്കാനുള്ള നീക്കം കോൺഗ്രസിൽ ശക്തമാകുന്ന സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി മുൻ എഐസിസി അംഗം വിജയൻ പൂക്കാടൻ. സന്ദീപ് വാര്യർ ഒരു കഴിവും ഇല്ലാത്തയാളാണ്, എന്നാൽ സന്ദീപിനെ വലിയ ആളാണെന്ന പോലെ പാർട്ടി കെട്ടിയെഴുന്നള്ളിച്ച് നടക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നുവെന്ന് വിജയൻ പൂക്കാടൻ പറഞ്ഞു.
ബിജെപിയിൽ നിന്ന് ഒരാളെപ്പോലും കൂടെ കൊണ്ടുവരാൻ സന്ദീപിന് കഴിഞ്ഞിട്ടില്ല. ബിജെപിക്ക് സന്ദീപിനെ വേണ്ടായിരുന്നു, അതുകൊണ്ടാണ് കെ.സുരേന്ദ്രൻ ഉൾപ്പെടെ പിടിച്ചു നിർത്താതിരുന്നത്. ഇത് മനസ്സിലാക്കാതെയാണ് സന്ദീപിനെ പാർട്ടി എഴുന്നള്ളിച്ച് കൊണ്ടുനടക്കുന്നതെന്നും കെപിസിസി സ്ഥാനം നൽകാൻ കഴിവുള്ള നിരവധിപേർ പാർട്ടിയിൽ വേറെയുണ്ടെന്നും വിജയൻ പൂക്കാടൻ ജനംടിവിയോട് പറഞ്ഞു.
സന്ദീപ് കോൺഗ്രസിലേക്ക് വന്നത് പാലക്കാട് തെരഞ്ഞെടുപ്പിൽ ഗുണമല്ല, ദോഷമാണ് ചെയ്തത്. ബിജെപി പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ചതിലും കുറവ് ഭൂരിപക്ഷമാണ് രാഹുലിന് ലഭിച്ചത്. എംടി രമേഷോ, വി.മുരളീധരനോ, ശ്രീധരൻപിളളയോ വന്നാൽ ബഹുമാനിക്കാൻ തോന്നും. എന്നാൽ സന്ദീപ് ആരാണ്? പാർട്ടി പാർട്ടിയുടെ വില പൊതുജനങ്ങളുടെ മുന്നിൽ കളയരുതെന്നും വിജയൻ പൂക്കാടൻ പറഞ്ഞു. സന്ദീപ് വാര്യർ വിഷയം താൻ ഫെയ്സ്ബുക്കിൽ കുറിച്ചപ്പോൾ ഒരു പ്രത്യേക വിഭാഗം ആക്രമണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അതൊന്നും താൻ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.